തിക്കോടി: ഷിഗെല്ല, നിപ രോഗബാധകൾക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി തിക്കോടി ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ആരോഗ്യ-സാമൂഹിക പ്രവർത്തകരും സംയുക്ത യോഗം ചേർന്നു. തിക്കോടി പഞ്ചായത്ത് ഹാളിൽ നടന്ന അടിയന്തര യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. ഫൈസൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷീന രാമകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
രോഗവ്യാപനം തടയുന്നതിനും ജാഗ്രത പാലിക്കുന്നതിനുമായി വിപുലമായ കർമ്മപദ്ധതികൾക്കാണ് യോഗം രൂപം നൽകിയത്. വാർഡ് മെമ്പർമാർ, ആശാ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെ പഞ്ചായത്തിലെ എല്ലാ വീടുകളിലും ബോധവൽക്കരണ ലഘുലേഖകൾ വിതരണം ചെയ്യും. കൂടാതെ വാർഡുകൾ കേന്ദ്രീകരിച്ച് വിപുലമായ ശുചീകരണ പ്രവർത്തനങ്ങളും കിണറുകളിലെ ക്ലോറിനേഷനും നടത്താനും യോഗത്തിൽ തീരുമാനമായി.
യോഗത്തിൽ മെഡിക്കൽ ഓഫീസർ ഡോ. വീണ, ആയുർവേദ ഡോ. ഹിൻഷ കെ. എൻ, ഹോമിയോ ഡോ. പ്രിയേന്ദു എന്നിവർ രോഗലക്ഷണങ്ങളെയും പ്രതിരോധ മാർഗ്ഗങ്ങളെയും കുറിച്ച് വിശദീകരിച്ചു. എപ്പിഡെമിയോളജിസ്റ്റ് ആദിഷ പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് ക്ലാസെടുത്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജ്മൽ മാടായി സ്വാഗതവും തിക്കോടി സി.എച്ച്.സി. ഹെൽത്ത് ഇൻസ്പെക്ടർ ഷീബ നന്ദിയും പറഞ്ഞു.
