സംസ്ഥാനത്ത് അതിശക്തമായ മഴ; 8 ജില്ലകളിൽ ഓറഞ്ച് അലേർട്ട്, ആശങ്കയായി പകർച്ചവ്യാധികൾ

news image
Jun 5, 2026, 4:16 am GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്ന് എട്ട് ജില്ലകളിൽ അതിശക്തമായ മഴ സാധ്യത പ്രവചിക്കുന്നതുകൊണ്ട് ഓറഞ്ച് അലേർട്ട് നൽകിയിട്ടുണ്ട്. മറ്റു ജില്ലകളിലെല്ലാം യെല്ലോ അലേർട്ടായിരിക്കും. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലേർട്ടുള്ളത്.

അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാവകുപ്പ് പ്രവചിക്കുന്നത്. ദുരന്ത സാധ്യതയുള്ള മേഖലകളിലുള്ളവർ ജാഗ്രത തുടരണമെന്ന് നിർദേശമുണ്ട്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.

സംസ്ഥാനത്ത് മഴ ശക്തമായതോടെ പകർച്ചവ്യാധികൾ പടരുന്നതും ആശങ്കയാകുന്നുണ്ട്. ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം ഇന്നലെ മാത്രം 10,121 പേരാണ് വിവിധ സർക്കാർ ആശുപത്രികളിൽ പനി ബാധിച്ച് ചികിത്സ തേടിയത്. മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഏറ്റവും കൂടുതൽ പേർ ചികിത്സ തേടിയത്. മഞ്ഞപ്പിത്തം, എലിപ്പനി, ടൈഫോയ്ഡ് തുടങ്ങിയ മഴക്കാല പകർച്ചവ്യാധികളുടെയും വ്യാപനം ആശങ്ക ഉയർത്തുന്നു. പനി ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി കൃത്യസമയത്ത് ഡോക്ടറെ സമീപിക്കണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വ്യക്തിശുചിത്വം പാലിക്കണമെന്നും കുടിവെള്ളം തിളപ്പിച്ച് ഉപയോഗിക്കണമെന്നും നിർദേശമുണ്ട്.

മലപ്പുറത്ത് 2,140 പേർക്കും കോഴിക്കോട് 1,080 പേർക്കും പനി ബാധിച്ചു. പാലക്കാട് 973, തിരുവനന്തപുരം 770, കാസർഗോഡ് 705, എറണാകുളം 701 എന്നിങ്ങനെയും ഉയർന്ന രോഗബാധ റിപ്പോർട്ട് ചെയ്തു. വൈറൽ പനി ബാധിച്ചവരാണ് കൂടുതലും ആശുപത്രികളിലെത്തിയത്. അതേസമയം ഡെങ്കിപ്പനി ബാധിച്ച 59 പേരും ഇന്നലെ ചികിത്സ തേടി.

മഴ കനത്തതോടെ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്. തൃപ്പൂണിത്തുറയിൽ വീടുകളിൽ ഉൾപ്പടെ വെള്ളം കയറിയതോടെ ജനജീവിതം ദുസ്സഹമായി. താഴ്ന്ന പ്രദേശങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ടാണ്. നിരവധി വീടുകളിലാണ് വെള്ളം കയറിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe