സവര്‍ക്കര്‍ മാപ്പ് പറഞ്ഞതിന് തെളിവുണ്ടോ; രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് സവര്‍‌ക്കറുടെ ചെറുമകന്‍

news image
Mar 28, 2023, 3:02 am GMT+0000 payyolionline.in

ദില്ലി: എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കാനിടയാക്കിയ പരാമര്‍ശത്തില്‍ ക്ഷമാപണം നടത്തുന്നതുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനയ്ക്കെതിരെ സവര്‍ക്കറുടെ ചെറുമകന്‍. ബ്രീട്ടീഷുകാരോട് സവര്‍ക്കര്‍ മാപ്പ് പറഞ്ഞിട്ടുണ്ടെങ്കില്‍ അതിന്‍റെ തെളിവ് കാണിക്കാനാണ് വി ഡി സവര്‍ക്കറുടെ ചെറുമകന്‍ രഞ്ജിത് സവര്‍ക്കര്‍ കോണ്‍ഗ്രസിനെ വെല്ലുവിളിക്കുന്നത്. മുന്‍ എംപി ചെയ്യുന്നത് ബാലിശമാണെന്നാണ് രഞ്ജിത് സവര്‍ക്കര്‍ പ്രതികരിച്ചത്. ദേശസ്നേഹികളുടെ പേര് ഉപയോഗിച്ച് രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ ശ്രമിക്കുന്നത് പരിതാപകരമാണെന്നും രഞ്ജിത് സവര്‍ക്കര്‍ പ്രതികരിച്ചു.

മാപ്പ് പറയാന്‍ തന്‍റെ പേര് സവര്‍ക്കര്‍ എന്നല്ലെന്നും ഗാന്ധി എന്നാണെന്നും ഗാന്ധി മാപ്പ് ചോദിക്കില്ലെന്നും രാഹുല്‍ ഗാന്ധി നേരത്തെ പ്രതികരിച്ചിരുന്നു. തനിക്ക് അംഗത്വം തിരിച്ച് ലഭിക്കുന്നതും ലഭിക്കാത്തതും വിഷമല്ലെന്നും പാര്‍ലമെന്‍റിന് അകത്തോ പുറത്തോ തന്‍റെ പോരാട്ടം തുടരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. സ്ഥിരമായി അംഗത്വം റദ്ദാക്കിയാല്‍ പോലും കടമ നിര്‍വഹിക്കുമെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നു.

 

മാനനഷ്ടക്കേസിൽ രണ്ട് വര്‍ഷം തടവ് എന്ന പരമാവധി ശിക്ഷ കിട്ടിയതോടെ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പാർലമെന്‍റ് അംഗത്വം റദ്ദായത്. ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെടുന്നവരെ അയോഗ്യരാക്കാനുള്ള ചട്ടങ്ങളിൽ കർശന നിലപാട് മുമ്പ് സുപ്രീംകോടതി സ്വീകരിച്ചിരുന്നു. ശിക്ഷ വരുന്ന ദിവസം മുതൽ അയോഗ്യരാകും എന്നതാണ് നിലവിലെ ചട്ടം. ബലാത്സംഗം, അഴിമതി ഉൾപ്പടെ ഗൗരവതരമായ കുറ്റങ്ങൾക്ക് ശിക്ഷ എത്രയായാലും അയോഗ്യത വരും എന്നതാണ് ചട്ടം. മറ്റെല്ലാ ക്രിമിനൽ കേസുകളിലും രണ്ട് വർഷമോ അതിലധികമോ ശിക്ഷ കിട്ടിയാൽ അയോഗ്യത എന്ന വ്യവസ്ഥയുണ്ട്. ക്രിമിനൽ മാനനഷ്ടത്തിൽ പരമാവധി ശിക്ഷയായ രണ്ട് വർഷം തടവാണ് ഇപ്പോൾ കോടതി നല്‍കിയിരിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe