പയ്യോളി: പയ്യോളി നഗരസഭാ സ്ഥിരം സമിതി തെരഞ്ഞെടുപ്പിൽ യുഡിഎഫ് അംഗങ്ങളുടെ വോട്ടുകൾ എൽഡിഎഫിന് അനുകൂലമായി. ആരോഗ്യ സ്ഥിരം സമിതിയിലെ വനിത സംവരണത്തിലേക്കുള്ള തെരഞ്ഞെടുപ്പിലാണ് യുഡിഎഫ് അംഗങ്ങൾക്ക് അമളി പറ്റിയത്. നഗരസഭ ചെയർപേഴ്സൺ എൻ സാഹിറയുടെ വോട്ട് അസാധുവാക്കുകയും ചെയ്തു. ബാലറ്റ് പേപ്പറിന് പിന്നിൽ ഒപ്പിടാത്തതാണ് അസാധുവാകാൻ കാരണമായത്. യുഡിഎഫ് ക്യാമ്പിൽ ഈ സംഭവം വലിയ നാണക്കേടും ക്ഷീണവുമാണ് ഉണ്ടാക്കിയിരിക്കുന്നത്.

പയ്യോളി നഗരസഭ സ്ഥിരം സമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നഗരസഭ ഹാളിൽ നടന്ന എൽഡിഎഫ് യുഡിഎഫ് തർക്കം
സ്ഥാനാർത്ഥിയുടെ പേരിന് നേരെ മുൻഗണന 1 എന്ന് രേഖപ്പെടുത്തേണ്ട സ്ഥാനത്ത് യുഡിഎഫ് അംഗങ്ങളായ 22 പേരും 2 എന്ന് രേഖപ്പെടുത്തി. എൽഡിഎഫ് അംഗങ്ങളായ 14 പേരും തങ്ങളുടെ സ്ഥാനാർത്ഥിയുടെ പേരിന് നേരെ 1 എന്ന് രേഖപ്പെടുത്തുകയും ചെയ്തു. ഇതോടെ യുഡിഎഫിന് 4 അംഗ ങ്ങളുണ്ടാകേണ്ട ആരോഗ്യ സ്ഥിരം സമിതിയിൽ ഒരാൾ പരാജയപ്പെട്ടതോടെ 3 അംഗങ്ങളായി ചുരുങ്ങി. യുഡിഎഫിൽ 3 പേരും എൽഡിഎഫിൽ 2 പേരും നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. യുഡിഎഫിന് ഒരംഗം നഷ്ടപ്പെട്ടതോടെ 3 – 3 എന്ന തുല്യ ക്രമത്തിലാണ് ഇപ്പോൾ ആരോഗ്യ സ്ഥിരം സമിതിയിലെ അംഗബലം. 14 ന് നടക്കുന്ന സ്ഥിരം സമിതി അധ്യക്ഷൻ്റെ തെരഞ്ഞെടുപ്പിൽ നറുക്കെടുപ്പിലൂടെ അധ്യക്ഷനെ തെരഞ്ഞെടുക്കേണ്ടി വരും.
ബുധൻ രാവിലെ 10.30 ഓടെ ആരംഭിച്ച തെരഞ്ഞെടുപ്പ് പ്രക്രിയ സംബന്ധിച്ച് എൽഡിഎഫ് അംഗങ്ങൾ തർക്കമുന്നയിച്ചു. വികസനം, ക്ഷേമം, ആരോഗ്യം, പൊതുമരാമത്ത്, വിദ്യാഭ്യാസം എന്നീ സ്ഥിരം സമിതിയിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പിലാണ് പ്രതിഷേധമുയർന്ന ത്. ക്ഷേമ കാര്യസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബാലറ്റ്പേപ്പർ എത്തിച്ചതോടെ രംഗം കലുഷിതമായി. ബാലറ്റ് പേപ്പർ ടേബിളിലെത്തിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും, ബാലറ്റ് ബോക്സിന് സമീപം റിട്ടേണിങ്ങ് ഓഫീസർ ബാലറ്റ് പേപ്പർ വിതരണം ചെയ്യുകയാണ് വേണ്ടതെന്നും ആവശ്യപ്പെട്ട് എൽഡിഎഫ് അംഗങ്ങൾ തർക്കത്തിന് തുടക്കമിടു കയായിരുന്നു. തുടർന്ന്, ഇരുഭാഗത്തുമുള്ള അംഗങ്ങൾ തമ്മിലുളള തർക്കം, ബഹളമയമാവുകയായിരുന്നു. ഇതിനിടെ 12 അംഗങ്ങൾ വോട്ടു ചെയ്തു. തർക്കം രൂക്ഷമായതോടെ, നേരത്തേ നടന്ന വികസന സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് സാധുവായി. തുടർന്ന് ഇരുകൂട്ടരും രഹസ്യ ബാലറ്റ് നടത്താൻ തീരുമാനിക്കുകയും അതിൻ്റെ ഭാഗമായി നടന്ന തെരഞ്ഞെടുപ്പിലാണ് യുഡിഎഫിന് നാണക്കേടുണ്ടാക്കിയ സംഭവങ്ങൾ അരങ്ങറിയത്.
