37 കിലോ കഞ്ചാവ് കടത്തുന്നതിനിടെ പോലീസിനെ ആക്രമിച്ച കേസ്; ചങ്ങരംകുളം സ്വദേശി അജ്മൽ പിടിയിൽ

news image
Aug 22, 2026, 9:49 am GMT+0000 payyolionline.in

തൃശൂർ: പെരുമ്പിലാവിൽ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് സംഘത്തെ വാഹനമിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച മൂന്നംഗ സംഘത്തിലെ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ. ചങ്ങരംകുളം സ്വദേശി അജ്മലിനെ (28) യാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. 37 കിലോ കഞ്ചാവ് വിൽപ്പനക്കായി വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെ പിന്തുടർന്നെത്തിയ ഡാൻസാഫ് സംഘത്തെയാണ് അപായപ്പെടുത്താൻ ശ്രമിച്ചത്. ജൂൺ 17ന് നടന്ന സംഭവത്തിന് പിന്നാലെ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അജ്മൽ അന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. കുന്നംകുളം ചൊവ്വന്നൂർ സ്വദേശി സനൽ (24) മലപ്പുറം നന്നമുക്ക് പള്ളിക്കര സ്വദേശി മുബാഷിർ (25) എന്നിവരാണ് സംഭവ സ്ഥലത്തു നിന്ന് അറസ്റ്റിലായത്.

ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പെരുമ്പിലാവ് – പട്ടാമ്പി റോഡിൽ വെച്ചാണ് പ്രതികളെ പിടികൂടിയത്. സിഫ്റ്റ് കാറിലാണ് സംഘം സഞ്ചരിച്ചിരുന്നത്. ഡാൻസാഫ് സംഘം കൈ കാണിച്ചെങ്കിലും കാർ നിർത്താതെ പോയി. പിന്നാലെയെത്തിയ പൊലീസുകാർ സഞ്ചരിച്ച കാറിൽ സംഘം സഞ്ചരിച്ചിരുന്ന കാറിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചു. കാറിൽ നിന്നിറങ്ങി ഓടി രക്ഷപ്പെടാനും മൂന്നംഗ സംഘം ശ്രമിച്ചു. പിന്നീട് പൊലീസ് സിനിമാ സ്‌റ്റൈലിൽ പിന്തുടർന്നാണ് പിടികൂടിയത്. ബെംഗളൂരുവിൽ നിന്നാണ് സംഘം കഞ്ചാവുമായി നാട്ടിലെത്തിയത്. അജ്മൽ പത്തോളം ക്രിമിനൽ കേസുകളിലും നാല് മയക്കുമരുന്ന് കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe