കണ്ടും മിണ്ടിയും ഇരുവര്‍; പിണറായി വിജയനെ സന്ദര്‍ശിച്ച് വി ഡി സതീശന്‍

news image
May 15, 2026, 7:42 am GMT+0000 payyolionline.in

തിരുവനന്തപുരം: നിയുക്ത പ്രതിപക്ഷ നേതാവ് പിണറായി വിജയനെ സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍. തിരുവനന്തപുരത്തെ പിണറായി വിജയന്റെ വാടക വീട്ടിലെത്തിയായിരുന്നു സന്ദര്‍ശനം. പിണറായി വിജയന്‍ ചിരിച്ച് കൊണ്ട് കൈ കൊടുത്താണ് വി ഡി സതീശനെ സ്വീകരിച്ചത്.

പിണറായിക്കൊപ്പം ഭാര്യ കമലയും മകള്‍ വീണയും കൊച്ചുമകനും സതീശനെ സ്വീകരിച്ചു. വി കെ പ്രശാന്തും വീട്ടിലുണ്ടായിരുന്നു. 2016ല്‍ മുഖ്യമന്ത്രിയായി സ്ഥാനം ഏറ്റെടുത്തപ്പോള്‍ മുന്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ പിണറായി വിജയന്‍ സന്ദര്‍ശിച്ചിരുന്നു.

കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും മാധ്യമങ്ങളോട് പ്രതികരിച്ചു. പിണറായി വിജയന്‍ കേരളത്തിലെ രാഷ്ട്രീയ നേതാക്കളില്‍ മുതിര്‍ന്ന ഒരാളാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. ‘പത്ത് വര്‍ഷം മുഖ്യമന്ത്രിയും 16 വര്‍ഷം പാര്‍ട്ടി സെക്രട്ടറിയുമായ പരിണിത പ്രജ്ഞനായ നേതാവാണ് അദ്ദേഹം. പ്രധാനപ്പെട്ട ദൗത്യം ഏറ്റെടുക്കുകയാണ് ഞങ്ങള്‍. അദ്ദേഹം പ്രതിപക്ഷ സ്ഥാനത്തേക്ക് വരിയാണ്. കേരളത്തിന്റെ പ്രധാനപ്പെട്ട കാര്യങ്ങള്‍ക്ക് വേണ്ടി ഒരുമിച്ച് നില്‍ക്കാന്‍ പറ്റണം. അത് പറ്റുമെന്നാണ് പ്രതീക്ഷ. അക്കാര്യത്തില്‍ അദ്ദേഹത്തിന്റെ പിന്തുണ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. എല്ലാ കാര്യങ്ങള്‍ക്കും ഒരുമിച്ച് നില്‍ക്കാന്‍ സാധിക്കില്ല. രാഷ്ട്രീയമുണ്ട്’, വി ഡി സതീശന്‍ പറഞ്ഞു.

സര്‍ക്കാരുകള്‍ തുടര്‍ച്ചയാണെന്നും അല്ലാതെ ഒരു സര്‍ക്കാര്‍ ചെയ്ത പദ്ധതി മറ്റൊരു സര്‍ക്കാര്‍ വന്ന് മാറ്റിയാല്‍ കേരളമുണ്ടാകുമോയെന്നും വി ഡി സതീശന്‍ ചോദിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ വിമര്‍ശിച്ച പദ്ധതികളില്‍ ചില തിരുത്തലുകള്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയനെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് വി ഡി സതീശന്‍ പറഞ്ഞു. എന്നാല്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് പിന്നെ മറുപടി നൽകാമെന്ന് മാത്രമാണ് പിണറായി വിജയന്‍ പറഞ്ഞത്.

അഞ്ച് വര്‍ഷം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായി പോരടിച്ച പിണറായി വിജയനും വി ഡി സതീശനും തമ്മിലുള്ള സൗഹൃദ സന്ദര്‍ശനം ശ്രദ്ധേയമായി. ഇനിയുള്ള അഞ്ച് വര്‍ഷം മുഖ്യമന്ത്രിയായി വി ഡി സതീശനും പ്രതിപക്ഷ നേതാവായി പിണറായി വിജയനും സഭയിലുണ്ടാകുമെന്നതും പ്രത്യേകതയാണ്.

കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വി ഡി സതീശനെ മുഖ്യമന്ത്രിയായും സിപിഐഎം സംസ്ഥാന സമിതി പിണറായി വിജയനെ പ്രതിപക്ഷ നേതാവായും പ്രഖ്യാപിക്കുന്നത്. ആദ്യമായാണ് വി ഡി സതീശന്‍ മുഖ്യമന്ത്രിയും പിണറായി വിജയന്‍ പ്രതിപക്ഷ നേതാവുമാകുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനെ ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാന്‍ സിപിഐഎം തീരുമാനമെടുത്തത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe