വടകര: ദേശീയപാത വികസന പ്രവൃത്തികൾ പുരോഗമിക്കവെ കാലവർഷം ശക്തമായത് കൊയിലാണ്ടി – വടകര റൂട്ടിൽ യാത്രക്ലേശം രൂക്ഷമായി. മൂന്ന് ദിവസങ്ങളിലായി ശക്തിയാർജ്ജിച്ച മഴ ആറുവരിപ്പാതയുടെ നിർമാണം പുരോഗമിക്കുന്ന നന്തിബസാർ മുതൽ വടകര പാലോളിപ്പാലം വരെയുള്ള യാത്ര കൂടുതൽ ദുഷ്കരമായിരിക്കുകയാണ്. നിലവിലെ പാത ഭൂരിഭാഗം സ്ഥലത്തും പൊളിച്ചുമാറ്റി ആറുവരിപ്പാതയുടെ നിർമാണം പാതിവഴി പിന്നിട്ടിരിക്കെയാണ് കാലവർഷം തിരിച്ചടിയായത്. അതോെടാപ്പം കലുങ്കുകളുടെയും ഓവുചാലുകളുടെയും നിർമാണവും പുരോഗമിക്കുന്നുണ്ട്.
നന്തി മുതൽ പാലോളിപ്പാലം വരെ മിക്കവാറും ഭാഗങ്ങളിലും ആറുവരിപ്പാതയോടൊപ്പം അനുബന്ധമായി നിർമിച്ച സർവിസ് റോഡുകൾ വഴിയാണ് നിലവിൽ വാഹനങ്ങൾ വൺവെയായി ഇരുഭാഗത്തേക്കും സഞ്ചരിക്കുന്നത്. എന്നാൽ, സർവിസ് റോഡുകളിൽ പലയിടത്തും ഭീമൻ കുഴികൾ രൂപപ്പെട്ടതോടെ വാഹനങ്ങൾ വളരെ പതുക്കെ സഞ്ചരിക്കുന്നത് കാരണം ഗതാഗതകുരുക്ക് അനുഭവപ്പെടുകയാണ്. ഇതു കാരണം റൂട്ടിൽ സ്വകാര്യ ബസുകൾ സർവിസ് മുടക്കൽ പതിവാക്കിയതോടെ യാത്രക്കാരും വിദ്യാർഥികളും ദുരിതത്തിലാവുകയാണ്.
സർവിസ് റോഡിന്റെ നിർമാണം പൂർത്തിയാകാത്ത പയ്യോളി ടൗണിലും പൊലീസ് സ്റ്റേഷന് മുന്നിലും പെരുമാൾപുരത്തും കൂറ്റൻ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. ഇവിടങ്ങളിൽ പഴയ ഓവുചാൽ ഇല്ലാതായതും ഇരുഭാഗത്തും നിർമാണത്തിലുള്ള സർവിസ് റോഡുകൾ ഉയർന്നതും കാരണം വെള്ളം ഒഴുകിപ്പോവാത്ത സ്ഥിതിയാണ്. പുതുതായി നിർമിച്ച ഓവുചാലുകളുടെ പണി പൂർത്തിയാകാത്തതിനാൽ അതിലേക്ക് വെള്ളം തുറന്നുവിടാനും സാധ്യമല്ല.
അതേസമയം, മൂന്നു മാസം മുമ്പ് മാത്രം നിർമിച്ച സർവിസ് റോഡുകൾ മഴ ശക്തി പ്രാപിച്ചപ്പോഴേക്കും തകർന്നത് നിർമാണത്തിലെ അപാകതയായാണ് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നത്. താത്ക്കാലികമായി മെറ്റലടങ്ങിയ മണൽ ഇറക്കിയാണ് കുഴിയടക്കൽ പ്രവൃത്തി നടക്കുന്നത്. എന്നാൽ, ദിവസങ്ങളുടെ ആയുസ്സ് മാത്രമേ ഇത്തരം താത്ക്കാലിക കുഴിയടക്കലിനുള്ളത്. അയനിക്കാട് കുറ്റിയിൽ പീടിക, പോേസ്റ്റാഫിസിന് വടക്കുഭാഗം, ഇരിങ്ങൽ തുടങ്ങിയ സ്ഥലത്തെല്ലാം വൻകുഴികൾ രൂപപ്പെട്ടിട്ടുണ്ട്. മൂടാടി ദേശീയപാതയിലും റോഡിന്റെ ഉപരിതലം അടർന്ന നിലയിൽ കുഴികൾ രൂപപ്പെട്ട നിലയിലാണുള്ളത്.
നിർമാണം പകുതിയിലധികം പൂർത്തിയായ ആറുവരിപ്പാത വഴി വാഹനങ്ങൾ വഴി തിരിച്ചുവിട്ടാൽ പ്രശ്നങ്ങൾക്ക് കുറെയേറെ പരിഹാരമാകും. മൂരാട് മുതൽ വടകര പാലോളിപ്പാലം വരെ ഇത്തരത്തിൽ ആറുവരിപ്പാത ഭാഗികമായി തുറന്നുകൊടുത്തിട്ടുണ്ട്.
മൂരാട് പുതിയ പാലം നിർമാണവും ദ്രുതഗതിയിൽ പുരോഗമിക്കുന്നുണ്ട്. പാലോളിപ്പാലം – മൂരാട് പാലം 2.1 കിലോമീറ്റർ റീച്ചിന്റെ പ്രവൃത്തി ഈ വർഷം പൂർത്തിയാവുമെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്. അതോടെ കൊയിലാണ്ടി – വടകര റൂട്ടിലെ യാത്രാക്ലേശത്തിന് പരിഹാരമാവും. ഗതാഗത തടസ്സമനുഭവപ്പെടുമ്പോൾ കോഴിക്കോട് – കണ്ണൂർ ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ പയ്യോളിയിൽനിന്ന് തിരിഞ്ഞ് മണിയൂർ വഴി ഏറെ ദൂരം സഞ്ചരിച്ചാണ് വടകരയിലെത്തുന്നത്.