കാഫിർ സ്‌ക്രീൻഷോട്ട് കേസ്; പ്രതി ജിതിൻ ഭാസ്‌കർ ഫോൺ റീസെറ്റ് ചെയ്‌തെന്ന് കണ്ടെത്തൽ

news image
Jun 20, 2026, 5:43 am GMT+0000 payyolionline.in

കോഴിക്കോട്: വടകരയിൽ കാഫിർ സ്‌ക്രീൻഷോട്ട് കേസ് പ്രതി ജിതിൻ ഭാസ്‌കറിന്റെ ഫോൺ റീസെറ്റ് ചെയ്‌തെന്ന് കണ്ടെത്തൽ. ജില്ലാ ഫൊറൻസിക് ലാബിൽ നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് നിർണ്ണായക വിവരങ്ങളുളള ഫോൺ റീസെറ്റ് ചെയ്തതായി കണ്ടെത്തിയത്. ഫോൺ റീസെറ്റ് ചെയ്തതായി ജിതിൻ ഭാസ്‌കർ സമ്മതിച്ചു. ഈ ഫോൺ വിദഗ്ദ പരിശോധനയ്ക്കായി തിരുവനന്തപുരത്തേക്ക് അയയ്ക്കും. അതിനായി ഇന്ന് അന്വേഷണസംഘം കോടതിയിൽ അപേക്ഷ നൽകും. അതേസമയം, ജിതിൻ ഭാസ്‌കറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ദിവസങ്ങൾ മുൻപാണ് ജിതിൻ അറസ്റ്റിലായത്.

കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ പ്രധാന തെളിവുകൾ നശിപ്പിക്കപ്പെട്ടെന്ന് റിമാൻഡ് റിപ്പോർട്ടുണ്ടായിരുന്നു. മൊബൈൽ ഫോൺ ഫാക്ടറി റീസെറ്റ് ചെയ്ത് തെളിവുകൾ നശിപ്പിച്ചതിനാൽ ജില്ലാ ഫോറൻസിക് വിഭാഗത്തിന് ഡേറ്റ തിരിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ലെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഈ ഫോണിൽ വെച്ചാണ് സ്‌ക്രീൻഷോട്ട് തയ്യാറാക്കിയതെന്നാണ് പൊലീസ് നിഗമനം. തെളിവ് നശിപ്പിക്കാനുള്ള നീക്കം അറസ്റ്റിലായ ഡിവൈഎഫ്‌ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ഭാഗത്ത് നിന്നുണ്ടായെന്നും ജിതിൻ ഭാസ്‌കറോ ജിതിന്റെ സഹായിയോ ആകാം കാഫിർ സ്‌ക്രീൻഷോട്ട് നിർമിച്ചതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

വ്യക്തികൾക്കും ഗ്രൂപ്പുകളിലേക്കും ജിതിൻ കാഫിർ സ്‌ക്രീൻഷോട്ട് പ്രചരിപ്പിച്ചുവെന്ന് കണ്ടെത്തലുണ്ട്. സ്‌ക്രീൻഷോട്ട് ഷെയർ ചെയ്യപ്പെട്ടത് 200 ഓളം ഗ്രൂപ്പുകളിലേക്കാണെന്നും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. കാഫിർ സ്‌ക്രീൻഷോട്ട് ജിതിൻ ഭാസ്‌കർ ആദ്യം ‘വടകര സ്‌ക്വാഡ്’ എന്ന വാട്സാപ് ഗ്രൂപ്പിലും തുടർന്ന് ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ ‘റെഡ് എൻകൗണ്ടർ’ എന്ന ഗ്രൂപ്പിലും പ്രചരിപ്പിച്ചുവെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നിഗമനം. ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ജിതിൻ ഭാസ്‌കറിലേക്ക് എത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe