കാഫിർ സ്‌ക്രീൻഷോട്ട്: ജിതിൻ ഭാസ്‌കറിന് ജാമ്യമില്ല

news image
Jun 18, 2026, 8:53 am GMT+0000 payyolionline.in

കോഴിക്കോട്: കാഫിർ സ്‌ക്രീൻഷോട്ട് കേസിലെ പ്രതി ഡിവൈഎഫ്‌ഐ നേതാവ് ജിതിൻ ഭാസ്‌കറിന് ജാമ്യമില്ല. ജാമ്യാപേക്ഷ കോടതി തള്ളി. വടകര സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജിതിനെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ശനിയാഴ്ച വൈകിട്ട് അഞ്ച് മണി വരെയാണ് കസ്റ്റഡി കാലാവാധി.

അതേസമയം കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ പ്രധാന തെളിവുകൾ നശിപ്പിക്കപ്പെട്ടെന്നാണ് റിമാൻഡ് റിപ്പോർട്ട്. മൊബൈൽ ഫോൺ ഫാക്ടറി റീസെറ്റ് ചെയ്ത് തെളിവുകൾ നശിപ്പിച്ചതിനാൽ ജില്ലാ ഫോറൻസിക് വിഭാഗത്തിന് ഡേറ്റ തിരിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ലെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാന ഫോറൻസിക് വിഭാഗത്തിന് ഫോൺ അയക്കണമെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നത്.

ഡേറ്റ തിരിച്ചെടുക്കാൻ ജില്ലാ ഫോറൻസിക് വിഭാഗത്തിലേക്ക് അയച്ചപ്പോൾ ഫോണിൽ നിന്ന് യാതൊരു ഡാറ്റയും തിരിച്ചെടുക്കാൻ സാധിച്ചിരുന്നില്ല. തുടർന്നാണ് സംസ്ഥാന ഫോറൻസിക് വിഭാഗത്തിന് ഫോൺ അയക്കാനുള്ള തീരുമാനമെടുക്കുന്നത്. ഈ ഫോണിൽ വെച്ചാണ് സ്‌ക്രീൻഷോട്ട് തയ്യാറാക്കിയതെന്നാണ് പൊലീസ് നിഗമനം. തെളിവ് നശിപ്പിക്കാനുള്ള നീക്കം അറസ്റ്റിലായ ഡിവൈഎഫ്‌ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ഭാഗത്ത് നിന്നുണ്ടായെന്നും ജിതിൻ ഭാസ്‌കറോ ജിതിന്റെ സഹായിയോ ആകാം കാഫിർ സ്‌ക്രീൻഷോട്ട് നിർമിച്ചതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

വ്യക്തികൾക്കും ഗ്രൂപ്പുകളിലേക്കും ജിതിൻ കാഫിർ സ്‌ക്രീൻഷോട്ട് പ്രചരിപ്പിച്ചുവെന്ന് കണ്ടെത്തലുണ്ട്. സ്‌ക്രീൻഷോട്ട് ഷെയർ ചെയ്യപ്പെട്ടത് 200 ഓളം ഗ്രൂപ്പുകളിലേക്കാണെന്നും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. കാഫിർ സ്‌ക്രീൻഷോട്ട് ജിതിൻ ഭാസ്‌കർ ആദ്യം ‘വടകര സ്‌ക്വാഡ്’ എന്ന വാട്സാപ് ഗ്രൂപ്പിലും തുടർന്ന് ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ ‘റെഡ് എൻകൗണ്ടർ’ എന്ന ഗ്രൂപ്പിലും പ്രചരിപ്പിച്ചുവെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നിഗമനം. ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ജിതിൻ ഭാസ്‌കറിലേക്ക് എത്തിയത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe