കാസർകോട് കളക്ടറേറ്റിലെ സീനിയർ ക്ലർക്കിന്റെ മരണം: അന്വേഷണത്തിന് നിർദേശം നൽകി കളക്ടർ

news image
Aug 10, 2026, 2:42 pm GMT+0000 payyolionline.in

കാസർകോട്: കളക്ടറേറ്റ് സീനിയർ ക്ലർക്ക് ആശാലതയുടെ ആത്മഹത്യയിൽ അന്വേഷണത്തിന് നിർദേശം നൽകി ജില്ലാ കളക്ടർ. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ എഡിഎമ്മിനെ ചുമതലപ്പെടുത്തി. ഈ മാസം ഏഴിനാണ് ആശാലത(42) വിഷം കഴിച്ചത്. തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെയായിരുന്നു മരണം സംഭവിച്ചത്.

ഓഫീസിലും വീട്ടിലും ഒറ്റപ്പെട്ടുപോയത് മാനസികമായി തളർത്തിയെന്നും ഇതാനാലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നുമാണ് ആശാലതയുടെ മരണമൊഴിയായി രേഖപ്പെടുത്തിയത്. എൻജിഒ യൂണിയൻ ജില്ലാ കൗൺസിൽ അംഗവും കളക്ടറേറ്റിലെ അക്ഷര ലൈബ്രറി ഭാരവാഹിയുമായിരുന്നു ആശാലത. എസ്റ്റാബ്ലിഷ്‌മെന്റ് സെക്ഷനിലായിരുന്ന ആശാലതയെ രണ്ട് മാസം മുമ്പാണ് എൻഡോസൾഫാൻ സെല്ലിലേക്ക് മാറ്റിയത്.

ആശാലതയുടെ മരണത്തിൽ റവന്യൂ കമ്മീഷണറുമായും ജില്ലാകളക്ടറുമായും സംസാരിച്ചതായും റിപ്പോർട്ട് ലഭിച്ച ശേഷം കർശന നടപടിയെടുക്കുമെന്നും റവന്യൂമന്ത്രി എ പി അനിൽകുമാർ പ്രതികരിച്ചിരുന്നു. വിഷം കഴിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ഉദ്യോഗസ്ഥ മരിച്ചത്. ആശുപത്രിയിൽ വെച്ച് പൊലീസിന് നൽകിയ മൊഴിയിൽ വീട്ടിലെയും ഓഫീസിലെയും മാനസിക സമ്മർദ്ദമാണ് കാരണമായി പറഞ്ഞിട്ടുള്ളത്. ആർക്കെതിരെയും പരാതിയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നുമാണ് അറിയാൻ കഴിഞ്ഞത്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് എന്തെങ്കിലും തരത്തിലുള്ള വീഴ്ചയോ സമ്മർദ്ദമോ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാൻ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. സെക്ഷൻ മാറിയത് ഇപ്പോഴത്തെ ഗവൺമെന്റ് നിലവിൽ വരുന്നതിന് മുൻപാണ് നടന്നിട്ടുള്ളത്. മുൻപ് ഉണ്ടായിരുന്ന എസ്റ്റാബ്ലിഷ്‌മെന്റ് സെക്ഷനിൽ നിന്ന് എൻഡോസൾഫാൻ സെക്ഷനിലേക്കാണ് മാറ്റിയത്. ജോലിഭാരം കുറഞ്ഞ സെക്ഷനാണിത്. കാര്യങ്ങൾ കൃത്യമായി അന്വേഷിക്കാതെ എല്ലാ വിഷയങ്ങളിലും രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിക്കുന്നത് ശരിയല്ലെന്നും മന്ത്രി എ പി അനിൽകുമാർ പ്രതികരിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe