ന്യൂ ഡൽഹി: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ച പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാകാതെ കോൺഗ്രസ് ഹൈക്കമാൻഡ് പ്രതിസന്ധിയിൽ. തിരഞ്ഞെടുപ്പ് നടന്ന മറ്റ് സംസ്ഥാനങ്ങളിൽ ഭരണക്രമീകരണങ്ങൾ പൂർത്തിയായപ്പോഴും കേരളത്തിൽ മാത്രം തീരുമാനം നീളുന്നത് പാർട്ടിക്കുള്ളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ നിർണ്ണായക സ്വാധീനമുള്ള സോണിയ ഗാന്ധി ഇതുവരെ വിഷയത്തിൽ നേരിട്ട് ഇടപെട്ടിട്ടില്ലെന്നതാണ് ശ്രദ്ധേയം. എഐസിസി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയും സോണിയ ഗാന്ധിയും തമ്മിൽ ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നില്ല.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സോണിയ ഗാന്ധിയുമായുള്ള ചർച്ചകൾക്ക് ശേഷം മാത്രമായിരിക്കുമെന്ന് രാഹുൽ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ നിലവിൽ പ്രഖ്യാപനം വൈകുന്നത് കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷം തണുപ്പിക്കാനാണെന്നാണ് ഹൈക്കമാൻഡ് നൽകുന്ന സൂചന. വി.ഡി. സതീശന് മുൻതൂക്കമുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളോട് എഐസിസി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം, കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുമെന്ന് ഉറച്ചുവിശ്വസിക്കുന്ന കെ.സി. പക്ഷം, ഇപ്പോഴത്തെ കാലതാമസം ഒരു ‘കൂളിംഗ് പിരീഡ്’ മാത്രമാണെന്ന് അവകാശപ്പെടുന്നു. എന്നാൽ ചർച്ചകൾ തുടരുന്നതിൽ പ്രതീക്ഷയർപ്പിച്ച് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല വിഭാഗങ്ങളും രംഗത്തുണ്ട്. ഹൈക്കമാൻഡ് മുന്നോട്ടുവെക്കുന്ന പാക്കേജുകളെക്കുറിച്ച് അറിയില്ലെന്നാണ് ഇരുവിഭാഗത്തിന്റെയും നിലപാട്.
