കൊടിയേറ്റം നാളെ: റോഡ് നിർമ്മാണം പൂർത്തിയാക്കാത്തതിൽ അയനിക്കാട് ശ്രീകൃഷ്ണ ക്ഷേത്ര കമ്മിറ്റിയുടെ പ്രതിഷേധം

news image
Mar 4, 2025, 4:59 am GMT+0000 payyolionline.in

പയ്യോളി:  റോഡ് നിര്‍മ്മാണം ഇഴഞ്ഞു നീങ്ങുന്നതിനെതിരെ ക്ഷേത്ര കമ്മറ്റി പ്രതിഷേധിച്ചു. പയ്യോളി കൊളാവിപ്പാലം – ആവിക്കല്‍ റോഡ് നിര്‍മ്മാണം ഇഴഞ്ഞു നീങ്ങുന്നുവെന്ന് ആരോപിച്ചാണ് അയനിക്കാട് ശ്രീ കൃഷ്ണ ക്ഷേത്ര കമ്മറ്റി ഇന്നലെ പ്രതിഷേധ യോഗം ചേര്‍ന്നത്. അയനിക്കാട് ശ്രീ കൃഷ്ണക്ഷേത്ര ഉത്സവത്തിന് നാളെയാണ് കൊടിയേറ്റം. ക്ഷേത്രത്തിലേക്ക് പ്രദേശത്ത് നിന്ന് പതിനഞ്ചോളം ആഘോഷ വരവുകളാണ് കാല്‍നടയായി എത്തേണ്ടത്. ഇവര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലാണ് ഇപ്പോള്‍ റോഡിന്റെ അവസ്ഥയെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറയുന്നു.

 

 

 

ഉത്സവത്തിന് ഒരു മാസം മുന്‍പ് തന്നെ റോഡ് കരാര്‍ എടുത്ത ഊരാളുങ്കല്‍ സൊസൈറ്റിയുടെ അധികൃതരെ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതാണെന്നും ഇക്കാര്യത്തില്‍ പരിഹാരമുണ്ടാകുമെന്ന ഉറപ്പ് നേരത്തെ ലഭിച്ചിരുന്നതായും ഭാരവാഹികള്‍ പറയുന്നു. എന്നാല്‍ ഇപ്പോള്‍ കാലനട യാത്ര പോലും ദുഷ്കരമാവുന്ന രീതിയില്‍ റോഡ് കിളച്ചിട്ടിരിക്കുകയാണെന്നും ഇത് ക്ഷേത്രത്തില്‍ എത്തുന്ന ഭക്തജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതുമാണെന്നു ഭാരവാഹികള്‍ പറയുന്നു.

ദുഷ്കരമായ രീതിയിലുള്ള റോഡിന്റെ ഒരു ഭാഗമെങ്കിലും പാറപ്പൊടി ഉപയോഗിച്ച് സഞ്ചാര യോഗ്യമാക്കണമെന്നും ഉത്സവം അലങ്കോലപ്പെടുന്നത് ഒഴിവാക്കണമെന്നും ക്ഷേത്രപരിസരത്ത് ചേര്‍ന്ന പ്രതിഷേധ യോഗം ആവശ്യപ്പെട്ടു. ക്ഷേത്ര കമ്മറ്റിക്ക് പുറമെ വനിതാ കമ്മറ്റിയും ഉത്സവാഘോഷ കമ്മറ്റിയും പ്രതിഷേധ യോഗത്തില്‍ സംബന്ധിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe