കൊയിലാണ്ടിയിലെ തട്ടിപ്പ് നാടകത്തിന്റെ പിന്നിൽ സുഹൈലും സുഹൃത്തും ; പൊലീസ് വെളിപ്പെടുത്തൽ

news image
Oct 22, 2024, 9:10 am GMT+0000 payyolionline.in
കൊയിലാണ്ടി: യുവാവിനെ കാറില്‍ കെട്ടിയിട്ട് പണം കവര്‍ന്ന സംഭവം പടച്ചുണ്ടാക്കിയതിനു പിന്നില്‍ സുഹൈലും സുഹൃത്ത്താഹയുമെന്ന് പോലീസ്. എടിഎമ്മുകളില്‍ പണം നിറയ്ക്കാന്‍ ചുമതലപ്പെട്ട സുഹൈലിനെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വ്യക്തമായതും വാദി പ്രതിയായതും. തിക്കോടി കോടിക്കല്‍ സ്വദേശിയായ സുഹൃത്ത് താഹക്കുണ്ടായ സാമ്പത്തിക പ്രശ്‌നം പരിഹരിക്കാന്‍ കണ്ട വിദ്യയാണ് പണം കവരല്‍ നാടകം.
പിന്നീട് ഇരുവരും ദിവസങ്ങളോളം ഇരുന്ന് ആലോചിച്ചാണ് തട്ടിപ്പ് കഥ സൃഷ്ടിച്ചതും നടത്തിയതും. സുഹൈല്‍ പറയുന്നത് എല്ലാവരും വിശ്വസിച്ചുകൊള്ളുമെന്നായിരുന്നു ഇരുവരും കരുതിയത്. പക്ഷേ ഇവരുടേത് നാടകമാണെന്ന് ആദ്യം തന്നെ കൊയിലാണ്ടി പോലീസിന് ബോധ്യമായിരുന്നു. മുളക് പൊടി വിതറി തന്നെ കെട്ടിയിട്ട് പണവുമായി രണ്ടു പേര്‍ കടന്നെന്ന് പറഞ്ഞ സുഹൈലിനെ ‘നന്നായി’ ചോദ്യം ചെയ്തപ്പോള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തട്ടിക്കൂട്ടുകഥ മണിമണിയായി പറയുകയായിരുന്നു സുഹൈല്‍.
ഇതുസംബന്ധിച്ച പരാതി ലഭിച്ച ഉടനെ പോലീസ് ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും വിശദമായ പരിശോധന നടത്തുകയും ചെയ്തു.സംഭവ നടന്ന അരിക്കുളത്തു നിന്നും വാഹനത്തിൽ പിന്തുടർന്ന താഹ കാട്ടിൽ പീടിക എത്തിയപ്പോൾ തിരിച്ചു പോവുകയായിരുന്നു. 37 ലക്ഷം രൂപ നാദാപുരത്തെ ഒരു കെട്ടിടത്തിൽ നിന്നുമാണ് പോലീസ് സംഘം കണ്ടെത്തിയത്.
പരാതിയില്‍ പറഞ്ഞ സ്ഥലവും കാറും സിസിടിവി ക്യാമറകളും ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ പോലീസ് പരിശോധനക്കു വിധേയമാക്കി. തുടര്‍ന്നാണ് തട്ടിപ്പുകഥ നാടകമാണെന്ന് തെളിഞ്ഞത്. വടകര ഡിവൈഎസ്പി ആര്‍.ഹരിപ്രസാദ്, കൊയിലാണ്ടി സിഐ ശ്രീലാല്‍ ചന്ദ്രശേഖര്‍, എസ്‌ഐ ജിതേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. എസ്‌ഐ മനോജ് രാമത്ത്, എഎസ്‌ഐമാരായ വി.പി.ബിനീഷ്, വി.വി ഷാജി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി.കെ. അഖിലേഷ്, കൊയിലാണ്ടി സ്റ്റേഷനിലെ എഎസ്‌ഐ ഗിരീഷ്, ബിജു വാണിയംകുളം, സനീഷ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe