കോട്ടയം: തിരുവാത്തുക്കലിൽ ബേക്കറിയിൽ മോഷ്ടിക്കാൻ കയറിയ കള്ളനെ സാഹസികമായി പിടികൂടി പൊലീസ്. കോട്ടയം തിരുവാതുക്കൽ ഉള്ള രോഹിത് രാജേന്ദ്രന്റെ ബേക്കറിയിൽ മോഷ്ടിക്കാൻ കയറിയ കള്ളനാണ് കുടുങ്ങിയത്. വെളുപ്പിന് 2 മണിക്ക് ശേഷമാണ് മോഷ്ടാവ് രോഹിത്തിന്റെ വീടിനോട് ചേർന്നുള്ള ബേക്കറിയിൽ എത്തിയത്. ആദ്യം ബേക്കറിയിൽ നിന്ന് കേക്കും മറ്റും അകത്താക്കിയ മോഷ്ടാവ് പിന്നീട് മേശവലിപ്പ് തുറന്ന് പണവും കൈക്കലാക്കി. പക്ഷേ രക്ഷപ്പെടാനായി പുറത്തേക്കിറങ്ങിയതും പാഞ്ഞെത്തിയ പൊലീസ് സംഘം പ്രതിയെ കൈയ്യോടെ പൊക്കി.
ബേക്കറിയിൽ മോഷണം നടക്കുന്നത് സിസിടിവി ദൃശ്യങ്ങളിലൂടെ മനസിലാക്കിയ രോഹിത്തിന്റ പിതാവ് വിവരം പൊലീസിനെ എമർജൻസി നമ്പരായ 112ലൂടെ അറിയിക്കുകയായിരുന്നു. വിവരം കിട്ടിയതും നൈറ്റ് ഓഫീസറും സംഘവും തിരുവാതിക്കലുള്ള ബേക്കറിയിലേക്ക് പാഞ്ഞെത്തി. പൊലീസെത്തുമ്പോൾ കള്ളൻ ബേക്കറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ ഒരുങ്ങുകയായിരുന്നു. പക്ഷേ രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവിനെ കോട്ടയം വെസ്റ്റ് പൊലീസ് സംഘം സാഹസികമായി പിടികൂടി.