എറണാകുളം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് വിദ്യാത്ഥി ആയേഷിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. പ്രണയനൈരാശ്യം കാരണം ആയേഷ് ആത്മഹത്യ ചെയ്തെന്ന് വരുത്തി തീർക്കാൻ കോളേജ് അധികൃതർ ശ്രമിക്കുന്നുവെന്നാണ് പരാതി. അസുഖബാധിതനായിട്ടും വീട്ടിലേക്ക് വരാൻ കുട്ടിയെ അനുവദിച്ചില്ലെന്നും ആരോപണമുണ്ട്.
കോതമംഗം എംഎ കോളെജിലെ രണ്ടാംവർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ ആയേഷിനെ ഇന്നലെ വൈകിട്ടാണ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടത്. കോളേജിൽ നിന്ന് മടങ്ങിയെത്തി ഹോസ്റ്റൽ റൂമിലെത്തിയ ആയേഷ് ബാഗ് വച്ച് ഉടൻ പുറത്തിറങ്ങി. പിന്നെയാണ് കെട്ടിടത്തിൽ നിന്ന് വീണനിലയിൽ ആയേഷിനെ കണ്ടത്. ആയേഷിന് പ്രണയനൈരാശ്യമുണ്ടായിരുന്നു എന്ന തരത്തിലായിരുന്നു പുറത്തുവന്ന വിവരം.
എന്നാൽ അങ്ങനെ പ്രണയമോ പ്രണയനൈരാശ്യമോ ആയേഷിനുള്ളതായി അറിയില്ലെന്ന് ബന്ധുക്കൾ. അടുത്ത ബന്ധുക്കളോടോ സുഹൃത്തുക്കളോടോ പോലും പറഞ്ഞിരുന്നില്ല. സംഭവശേഷം കോളേജ് അധികൃതർ വ്യക്തിപരമായ പ്രശ്നങ്ങളാലുള്ള ആത്മഹത്യയെന്ന് വരുത്തിതീർക്കാനുള്ള ശ്രമം നടത്തുന്നുവെന്നാണ് പരാതി. കോളേജിൽ സമർദ്ദമുണ്ടെന്ന് ആയേഷ് അമ്മയോട് പറഞ്ഞിരുന്നുവെന്നും ബന്ധുക്കൾ. കുട്ടിയുടെ മരണവിവരം ബന്ധുക്കളോട് പറയാൻ വൈകിയെന്നും പരാതിയുണ്ട്. ആയേഷിന് അടുപ്പമുള്ള കോളേജിലെയോ ഹോസ്റ്റലിലെയോ വിദ്യാർത്ഥികൾക്ക് ആയേഷിന് ബുദ്ധിമുട്ടുണ്ടായിരുന്നതായി വ്യക്തതയില്ല. തിരുവനന്തപുരം കല്ലറ സ്വദേശിയാണ് മരിച്ച 19കാരൻ ആയേഷ്.
