പനാജി: ഗോവയില്‍ വനപ്രദേശത്തുനിന്ന് മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെടുത്തതിന് പിന്നാലെ ഭാര്യയുടെയും മകന്റെയും മൃതദേഹങ്ങള്‍ കര്‍ണാടകയിലെ ബീച്ച് പരിസരത്തുനിന്ന് കണ്ടെത്തി. സംഭവം കൂട്ട ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.
ഗോവയിലെ ചികാലിം സ്വദേശിയും ലേബര്‍ കോണ്‍ട്രാക്ടറുമായ ശ്യാം പാട്ടീലി (50) ന്റെ മൃതദേഹം വ്യാഴാഴ്ചയാണ് സൗത്ത് ഗോവയിലെ കെപേമില്‍ വനപ്രദേശത്ത് മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച തന്നെയാണ് ഇദ്ദേഹത്തിന്റെ ഭാര്യ ജ്യോതി (37)യുടെയും 12 വയസ്സുകാരന്‍ മകന്റെയും മൃതദേഹങ്ങള്‍ കര്‍ണാടകയിലെ കര്‍വാറിലെ ദേവ്ബാഗ് ബീച്ചില്‍നിന്ന് കണ്ടെടുത്തത്.
ശ്യാമിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും വ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും പണം കടംവാങ്ങിയിരുന്നെന്നും പോലീസ് പറഞ്ഞു. ബുധനാഴ്ച രാത്രി എട്ടരയോടെ ശ്യാമും കുടുംബവും വീട്ടില്‍നിന്ന് കാര്‍വാറിലേക്ക് യാത്ര തിരിച്ചിരുന്നെന്ന് അയല്‍ക്കാര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്.
ഭാര്യയും മകനും ആത്മഹത്യ ചെയ്തുവെന്നും താനും ജീവനൊടുക്കാന്‍ പോവുകയാണെന്ന് ശ്യാം, സുഹൃത്തുക്കള്‍ക്കും ഒരു ബന്ധുവിനും ശബ്ദസന്ദേശം അയച്ചിരുന്നെന്നും പോലീസ് പറഞ്ഞു. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയാണെന്ന കുറിപ്പ് ശ്യാമിന്റെ കാറില്‍നിന്ന് കണ്ടെടുത്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.