എറണാകുളം: ചേരാനെല്ലൂർ അപകടത്തിൽ അഡിഷണൽ സെഷൻസ് ജഡ്ജിക്കെതിരെ കേസ് എടുക്കാൻ നീക്കം. പ്രായപൂർത്തിയാകാത്ത മകന് വാഹനം ഓടിക്കാൻ നൽകിയതിലാണ് നടപടി. ഇക്കാര്യം പരിശോധിച്ച് വരുന്നതായി പൊലീസ് വ്യക്തമാക്കി. ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് കാർ എടുത്തതെന്നും അപകട സമയത്ത് മഴയുണ്ടായിരുന്നു എന്നുമാണ് പതിനേഴുകാരന്റെ മൊഴി.നിലവിൽ സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പാണ് പതിനേഴുകാരനെതിരെ ചുമത്തിയിട്ടുള്ളത്. സ്റ്റേഷൻ ജാമ്യം നൽകണമോ എന്നതിൽ ജുവനൈയിൽ ജസ്റ്റിസ് ബോർഡിനോട് ആലോചിച്ചു തീരുമാനമെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
ചേരാനല്ലൂരിൽ 17കാരൻ ഓടിച്ച കാറിടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണനാണ് മരിച്ചത്. പ്രതിക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യ മാത്രം ചുമത്തി കേസ് എടുത്തു. ചേരാനെല്ലൂർ കണ്ടെയ്നർ റോഡിന് സമീപമാണ് അപകടം നടന്നത്. ജോലി കഴിഞ്ഞ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ജയബാലകൃഷ്ണൻ. നാട്ടുകാർ എത്തി ജയപാലകൃഷ്ണനെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും അപകടം നടന്ന സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ബ്ലഡ് സാമ്പിളുകളും ശേഖരിച്ചു. ജഡ്ജിയുടെ പേരിലാണ് വാഹനം. എംവിഡി, പൊലീസ്, ഫോറെൻസിക് വിഭാഗം അപകടം നടന്ന സ്ഥലത്ത് പരിശോധന നടത്തി.
