പ്രിയദർശിനി ബസ്സുകളിൽ അനുഭവപ്പെടുന്നത് വലിയ തിരക്കെന്ന് ജീവനക്കാർ. പല സമയത്തും ബസ്സുകളുടെ ഡോർ അടയ്ക്കാൻ ആവുന്നില്ല. ബസുകളിൽ സഞ്ചരിക്കുന്നത് ഉൾക്കൊള്ളാവുന്നതിനേക്കാൾ കൂടുതൽ ആളുകളാണെന്നും സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ജീവനക്കാർ പറയുന്നു.
കെഎസ്ആർടിസിലെ സ്ത്രീകൾക്കുള്ള സൗജന്യ യാത്രയായ പ്രിയദർശിനി പദ്ധതി അവതരിപ്പിച്ചപ്പോൾ കെഎസ്ആർടിസി ജീവനക്കാർ ആദ്യമുയർത്തിയ ആശങ്ക ശമ്പള പ്രതിസന്ധിയായിരുന്നു. എന്നാൽ പദ്ധതി തുടങ്ങി ഒരു മാസം പിന്നിടുമ്പോൾ ജീവനക്കാരുടെ പ്രധാന പരാതി പ്രിയദർശിനി ബസുകളിലെ യാത്രക്കാരുടെ എണ്ണവും അമിത ജോലിഭാരവുമാണ്.
ഉൾക്കൊള്ളാൻ കഴിയുന്നതിനേക്കാൾ യാത്രക്കാരുമായി സഞ്ചരിക്കുന്ന ഇത്തരം ബസുകൾക്ക് അപകട സാധ്യത കൂടുതലാണ്. കൂടാതെ ബസ്സിനുള്ളിൽ മോഷണമടക്കം കുറ്റകൃത്യങ്ങളും വർദ്ധിക്കാനും സാധ്യത ഏറെയാണ്. പ്രിയദർശിനി പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുമ്പോൾ ബസ്സുകളുടെ എണ്ണം കൂട്ടുകയും അതുവഴി ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കണമെന്നുമാണ് ജീവനക്കാരുടെ ആവശ്യം. കഴിഞ്ഞദിവസം കോഴിക്കോട് താമരശ്ശേരിയിൽ പ്രിയദർശിനി ബസ് അപകടത്തിൽപ്പെട്ട പശ്ചാത്തലത്തിൽ സർക്കാർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും ജീവനക്കാർ ആവശ്യപ്പെടുന്നു.
