തിക്കോടി: തിക്കോടി ടൗണിൽ അടിപ്പാത അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാട്ടുകാർ ദേശീയപാത ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി .
ആറുവരിപ്പാതയുടെ നിർമ്മാണം പൂർത്തിയാകുമ്പോൾ, വൻ മതിലുകൾ ഉയർന്ന് ഇരുഭാഗത്തേക്കുമുള്ള സഞ്ചാരപാത അടയും എന്ന ആശങ്കയിലാണ് ജനങ്ങൾ.
റെയിൽവേ സ്റ്റേഷൻ, എഫ് സി ഐ ഗോഡൗൺ, ജില്ലാ മണ്ണു പരിശോധന കേന്ദ്രം, കൃഷിഭവൻ,കോടിക്കൽ ഫിഷ് ലാൻഡിങ് സെന്റർ, പാലൂർ എൽ പി സ്കൂൾ, ഗ്രാമപഞ്ചായത്ത് ഓഫീസ്, സികെജി ഹയർ സെക്കൻഡറി സ്കൂൾ, സി എസ് ബി ബാങ്ക്, ആരാധനാലയങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ റോഡിന്റെ ഓരോ ഭാഗത്തായി സ്ഥിതി ചെയ്യുന്ന തിക്കോടിയിൽ അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നരവർഷമായി നാട്ടുകാർ സമര രംഗത്താണ്.
പി ടി ഉഷ എം പി യുടെ ഇടപെടലിനെ തുടർന്ന്
ദേശീയപാത അതോറിറ്റി ഇക്കാര്യം തത്വത്തിൽ അംഗീകരിച്ചെങ്കിലും തുടർനടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് ബഹുജന ധർണ്ണ. അടിപ്പാത അനുവദിച്ചു കിട്ടുന്നതുവരെ നാട്ടുകാർ പ്രക്ഷോഭ രംഗത്ത് ആയിരിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
പരിസ്ഥിതി പ്രവർത്തകൻ മണലിൽ മോഹനൻ ധർണ ഉദ്ഘാടനം ചെയ്തു. ചന്ദ്രശേഖരൻ തിക്കോടി മുഖ്യപ്രഭാഷണം നടത്തി. തിക്കോടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ ആർ വിശ്വൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ പി ഷക്കീല, മേലടി ബ്ലോക്ക് മെമ്പർ പി വി റംല, ശ്രീധരൻ ചെമ്പുഞ്ചില, സുകുമാരൻ മയോണ, അഷറഫ് പുഴക്കര എന്നിവർ അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു. ആക്ഷൻ കമ്മിറ്റി കൺവീനർ കെ വി സുരേഷ് സ്വാഗതവും ഭാസ്കരൻ തിക്കോടി നന്ദിയും പറഞ്ഞു.