പയ്യോളി: ദേശീയപാതാ നിര്‍മ്മാണത്തിന്റെ ഭാഗമായി രൂപപ്പെട്ട താഴ്ചയില്‍ ലോറി മറിഞ്ഞ തിക്കോടിയിലെ സ്ഥലത്തെ അപകട സാധ്യത മാറ്റിയില്ല. നേരത്തെ നാട്ടുകാരും ഡ്രൈവര്‍മാരും ഇത് സംബന്ധമായ മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും അത് അവഗണിച്ചതിന്റെ ഫലമായാണ് കഴിഞ്ഞ ദിവസം എഫ് സിഐയില്‍ നിന്ന് അരിയുമായി പോവുകയായിരുന്ന ലോറി മറിഞ്ഞത്. ഡ്രൈവര്‍ മാത്രമാണ് ലോറിയില്‍ ഉണ്ടായിരുന്നത് അദ്ദേഹം പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. രണ്ട് മാസം മുന്‍പ് ഇതേ സ്ഥലത്ത് ഒരു കുടുംബം സഞ്ചരിച്ച കാര്‍ ഇവിടെ താഴ്ചയിലേക്ക് ചെരിഞ്ഞിരുന്നു. ഉടനെ സമീപത്തുണ്ടായിരുന്നവര്‍ ഡ്രൈവര്‍ ഒഴികെയുള്ള കാറിലുള്ളവരെ ഇറക്കി കാര്‍ തള്ളിമാറ്റിയാണ് രക്ഷപ്പെടുത്തിയത്.
![](https://payyolionline.in/wp-content/uploads/2025/02/bg.jpg)
കഴിഞ്ഞ ദിവസം മറിഞ്ഞ ലോറി
നിലവില്‍ ഡ്രൈനേജിന് പുറത്ത് ഒന്നര മീറ്റര്‍ കൂടി ദേശീയപാതയുടെ ഭാഗമാണെന്ന് പറയുന്നുണ്ട്. താഴ്ചയുള്ള ആ ഭാഗം മണ്ണിട്ട് നിറച്ചാല്‍ മാത്രമേ ഈ സ്ഥലത്തെ അപകടഭീഷണി ഒഴിവാകുകയുള്ളൂ. ദിനം പ്രതി നിരവധി ലോറികളാണ് എഫ് സിഐയില്‍ നിന്ന് വടകര ഭാഗത്തേക്ക് പോവുന്നത്. ഓരോ തവണയും സര്‍വ്വീസ് റോഡില്‍ കയറിയ ശേഷം ലോറി പുറകോട്ട് എടുത്താല്‍ മാത്രമേ വളവ് തിരിക്കാന്‍ പറ്റുകയുള്ളൂ. ഇതാണ് അപകടസാധ്യതയ്ക്ക് കാരണവും. സാധാരണ ഇത്തരം സ്ഥലങ്ങളില്‍ സ്ഥാപിക്കാറുള്ള കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ ഇവിടെ പ്രയോഗികമല്ല. ലോറികള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ കടന്ന് പോവാന്‍ സാധിക്കില്ലെന്നതാണ് കാരണം.
![](https://payyolionline.in/wp-content/uploads/2025/02/ghf.jpg)
തിക്കോടിയില്‍ കഴിഞ്ഞ ദിവസം ലോറി മറിഞ്ഞ സ്ഥലം