കണ്ണൂർ: പയ്യന്നൂർ മാതമംഗലത്ത് തെയ്യം കാണാനെത്തിയ ഭക്തയുടെ അഞ്ചരപ്പവൻ സ്വർണ്ണമാല സംഘം ചേർന്ന് കവർന്നു. മാതമംഗലം പുലിയൂർ കാളി ക്ഷേത്രത്തിലെ കളിയാട്ടത്തിനിടെയാണ് മോഷണം നടന്നത്. പാപ്പിനിശ്ശേരി സ്വദേശി പി.വി. രോഹിണിയുടെ മാലയാണ് നഷ്ടപ്പെട്ടത്.
നാലംഗ മോഷണസംഘമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. തെയ്യത്തിന്റെ അനുഗ്രഹം വാങ്ങാനായി ഭക്തർക്കിടയിൽ നിൽക്കുമ്പോൾ ബോധപൂർവ്വം തിരക്ക് സൃഷ്ടിച്ചായിരുന്നു കവർച്ച. ഒരാൾ മാല പൊട്ടിക്കുമ്പോൾ കൂടെയുള്ള മറ്റ് മൂന്ന് പ്രതികൾ ഇയാൾക്ക് മറയൊരുക്കുകയും സുരക്ഷിതമായി രക്ഷപ്പെടാൻ സൗകര്യം ചെയ്തുകൊടുക്കുകയും ചെയ്തു.
