തോൽവിയുടെ ഉത്തരവാദിത്തം പിണറായി ഏറ്റെടുക്കുമോ? ആരാകും അടുത്ത പ്രതിപക്ഷ നേതാവ്?

news image
May 4, 2026, 1:44 pm GMT+0000 payyolionline.in

തിരുവനന്തപുരം: 2026 നിയമസഭ തെരഞ്ഞെടുപ്പിൽ ക്യാപ്റ്റനും സഹായികളും യുഡിഎഫ് സുനാമിയിൽ ഒഴുകിപ്പോയിരിക്കുന്നു, കപ്പലിൽ അവശേഷിക്കുന്നത് ചുരുക്കം മന്ത്രിമാർ മാത്രം. സംസ്ഥാനത്ത് 2026 നിയമസഭ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം പൂർത്തിയാക്കുമ്പോൾ ഒരു പ്രധാന ചോദ്യം ആര് അടുത്ത പ്രതിപക്ഷ നേതാവാകും എന്നാണ്. തുടർ ഭരണത്തിന് ശേഷം എൽഡിഎഫിൻറെ ദയനീയ തോൽവിയുടെ ചൂണ്ടുവിരൽ മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് നീളുമ്പോൾ ‘പിവി’ പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കുമോ എന്ന് കണ്ടറിയണം. എൽഡിഎഫിന് ഭരണം നഷ്‌ടപ്പെട്ടാൽ, പ്രതിപക്ഷ നേതാവാകും എന്ന് പറഞ്ഞുകേട്ടിരുന്ന കെ കെ ശൈലജ, പി രാജീവ്, എം ബി രാജേഷ് തുടങ്ങിയ പ്രധാന നേതാക്കളും യുഡിഎഫ് കൊടുങ്കാറ്റിൽ കടപുഴകി. അപ്പോൾ ആരാകും കേരള നിയമസഭയിൽ അടുത്ത പ്രതിപക്ഷ നേതാവ്?

തോറ്റ മന്ത്രിമാർ ഇവർ
സംസ്ഥാനത്തെ യുഡിഎഫ് തരംഗത്തിൽ 13 എൽഡിഎഫ് മന്ത്രിമാരാണ് തോൽവി രുചിച്ചത്. വി ശിവൻകുട്ടി, വി എൻ വാസവൻ, പി രാജീവ്, എം ബി രാജേഷ്, ആർ ബിന്ദു, കടന്നപ്പള്ളി രാമചന്ദ്രൻ, ജെ ചിഞ്ചുറാണി, ഗണേശ് കുമാർ, വി അബ്‌ദുറഹിമാൻ, എ കെ ശശീന്ദ്രൻ, ഒ ആർ കേളു, റോഷി അഗസ്റ്റിൻ, വീണ ജോർജ് എന്നീ മന്ത്രിമാർ പരാജയപ്പെട്ടു.

എൽ‍ഡിഎഫിൻറെ നാണംകെട്ട പരാജയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാഷും പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരും. പിണറായിയും സിപിഎം രാഷ്‌ട്രീയത്തിൽ അപ്രസക്തനാവുന്നതോടെ എല്ലാ കണ്ണുകളും കെ എൻ ബാലഗോപാലിലേക്ക് നീളുകയാണ്. പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കാൻ പിണറായി വിസമ്മതിച്ചാൽ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ എൻ ബാലഗോപാലായിരിക്കും പ്രതിപക്ഷ നേതൃ സ്ഥാനത്തേക്ക് ഏറ്റവുമധികം പരിഗണിക്കപ്പെടാൻ സാധ്യത. പാർലമെൻററി രംഗത്തെ പരിചയം ബാലഗോപാലിന് മുൻതൂക്കം നൽകുന്നു. പാർട്ടിയിൽ സീനിയർ സജി ചെറിയാനാണെങ്കിലും നറുക്ക് ബാലഗോപാലിന് വീണേക്കും എന്നാണ് നിരീക്ഷണം. കൊട്ടാരക്കരയിൽ അഡ്വ. ഐഷ പോറ്റിയോട് ശക്തമായ മത്സരം നേരിട്ടാണ് കെ എൻ ബാലഗോപാൽ വീണ്ടും നിയമസഭയിലെത്തുന്നത്. 1012 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിലാണ് ബാലഗോപാലിൻറെ വിജയം.

മുഖ്യമന്ത്രി പിണറായി വിജയനെ കൂടാതെ ആറ് പേരാണ് മന്ത്രിസഭയിൽ നിന്ന് വിജയിച്ചത്. കെ രാജൻ, ജി ആർ അനിൽ, കെ എൻ ബാലഗോപാൽ, പി എ മുഹമ്മദ് റിയാസ്, പി പ്രസാദ്, സജി ചെറിയാൻ എന്നിവരാണത്. റിയാസ് ബേപ്പൂരിലെ സുരക്ഷിത കോട്ടയിൽ പോലും യുഡിഎഫ് സ്വതന്ത്രൻ പി വി അൻവറിൻറെ ശക്തമായ മത്സരം നേരിടേണ്ടിവന്നു. സിപിഐ മന്ത്രിമാരിൽ ചിഞ്ചുറാണി മാത്രമാണ് തോറ്റത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe