ബംഗളൂരു: യാത്രക്കാരോട് മോശമായി പെരുമാറുന്ന ഡ്രൈവർമാർക്കെതിരെ നടപടി ശക്തമാക്കി ട്രാഫിക് പൊലീസ്. ഇതിനായി കെ.എസ്.ആർ ബംഗളൂരു റെയിൽവേ സ്റ്റേഷൻ, മജസ്റ്റിക് ബസ് സ്റ്റേഷൻ, സാറ്റലൈറ്റ് ബസ്ടെർമിനൽ എന്നിവിടങ്ങളിൽ പ്രത്യേക പരിശോധന തുടങ്ങി. വിവിധ കുറ്റങ്ങൾ ചെയ്ത 151 ഓട്ടോഡ്രൈവർമാർക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിട്ടുണ്ട്. മോശം പെരുമാറ്റം, നിശ്ചയിച്ചുനൽകിയ സ്ഥലങ്ങളിലല്ലാതെ വാഹനം നിർത്തിയിടൽ, മീറ്ററിൽ കാണിച്ചതിനേക്കാൾ കൂടുതൽ പണം ഈടാക്കൽ തുടങ്ങിയ കുറ്റങ്ങൾക്കാണ് നടപടി. ഇതിനായി പ്രത്യേക പൊലീസ് ഉദ്യോഗസ്ഥരെ നിയമിച്ചതായി ഡെപ്യൂട്ടി പൊലീസ് കമീഷണർ (ട്രാഫിക് -വെസ്റ്റ്) സുമൻ പെന്നെകർ അറിയിച്ചു.
ഓട്ടോഡ്രൈവർമാർ നിയമം പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ പ്രത്യേക പരിശോധനയാണ് നടത്തുന്നത്. 151 കേസുകളിൽ 90 എണ്ണവും ഡ്രൈവർമാർ യൂനിഫോം ധരിക്കാത്തതിനാലാണ്. ഓട്ടം വിളിച്ചാൽ പോകാത്തതിനാണ് 18 കേസുകൾ എടുത്തത്. മറ്റു നിയമലംഘനങ്ങൾക്കാണ് 43 കേസുകൾ എടുത്തിരിക്കുന്നത്. ബസ് സ്റ്റേഷനുകളിലും റെയിൽവേ സ്റ്റേഷനുകളിലും പതിവായി പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ‘സഞ്ചാര സമ്പർക്ക’ എന്ന പേരിൽ ട്രാഫിക് പൊലീസ് പൊതുജനസമ്പർക്ക പരിപാടി നടത്തിയിരുന്നു. വിളിച്ചാൽ ഓട്ടം പോകാതിരിക്കൽ, അമിത യാത്രക്കൂലി ഈടാക്കൽ, മോശം പെരുമാറ്റം തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് ഓട്ടോഡ്രൈവർമാർക്കെതിരെ കൂടുതലായും ഉണ്ടായത്.