പയ്യോളി: നഗരസഭാ കൌണ്‍സിലറുടെ വീട്ടില്‍ മോഷണം നടത്തിയ കേസിലെ പ്രതികള്‍ പോലീസ് പിടിയിലായി. കീഴൂര്‍ പുതുക്കോട്ട് മുഹമ്മദ് റാഷിദ് (37), കീഴൂര്‍ മനയില്‍ സജീര്‍ (19) എന്നിവരെയാണ് പയ്യോളി പോലീസ് പിടികൂടിയത്.
പയ്യോളി നഗരസഭാ കൌണ്‍സിലര്‍ സി.കെ. ഷഹാനാസിന്റെ തുറശ്ശേരി പാലത്തിന് സമീപത്തെ ചെന്നക്കുഴി വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. സഹോദരീ ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്നു വീട്ടില്‍ ആളില്ലാതിരുന്ന സമയത്താണ് മോഷണം. പിന്നീട് വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. കൌണ്‍സിലറുടെ വിദേശത്ത് നിന്നെത്തിയ മറ്റൊരു സഹോദരി ഭര്‍ത്താവിന്റെ 30,000 ഇന്ത്യന്‍ രൂപ മൂല്യം വരുന്ന 1200 യുഎഇ ദിര്‍ഹവും ഷഹനാസിന്റെ 12000/- രൂപയുമാണ് അന്ന് നഷ്ടപ്പെട്ടത്. ഇതിന്റെ ഒരു ഭാഗം പ്രതി സജീറിന്റെ വീട്ടില്‍ നിന്നു കണ്ടെത്തിട്ടുണ്ട്.

പ്രതികളായ സജീറും റാഷിദും
പയ്യോളി സിഐ എ.കെ. സജീഷ്, എസ്.ഐ പി.റഫീഖ്, എസ്ഐ കെ. ജയദാസന്‍, ഡൻസഫ് സ്ക്വാഡ് അംഗങ്ങളായ എ. എസ്. ഐ വി.സി. ബിനീഷ്, ടി.കെ. ശോഭിത്ത്, ജി. ഷനോജ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.