കോഴിക്കോട്: വടകര എം.പി ഷാഫി പറമ്പിലിനെതിരെ കടുത്ത ആരോപണങ്ങളുമായി എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. പേരാമ്പ്ര ഉൾപ്പെടുന്ന മേഖലകളിൽ വർഗീയ സ്വഭാവമുള്ള ചർച്ചകൾ ആരംഭിച്ചത് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് മുതലാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കെ. മുരളീധരനോ മുല്ലപ്പള്ളി രാമചന്ദ്രനോ മത്സരിച്ച സമയത്ത് ഇത്തരത്തിലുള്ള യാതൊരു ആരോപണങ്ങളും ഉയർന്നിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ വർഗീയ നിലപാടുകൾ ഉപയോഗിച്ചതിന്റെ നിരവധി ഉദാഹരണങ്ങളുണ്ട്. ഇതിന് ഉത്തരവാദി ആരാണെന്ന് കോൺഗ്രസിന് വ്യക്തമായി അറിയാമെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു. ഫാത്തിമ തഹിലിയയുമായി ബന്ധപ്പെട്ട അനൗൺസ്മെന്റ് വിവാദത്തിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്നും തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ ഇത്തവണ എൽ.ഡി.എഫിന് 90 സീറ്റുകൾ വരെ ലഭിക്കാവുന്ന രാഷ്ട്രീയ സാഹചര്യമുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. യു.ഡി.എഫിന്റെ സീറ്റ് അവകാശവാദങ്ങളെ പരിഹസിച്ച അദ്ദേഹം, 2021-ലും മന്ത്രിമാരെ വരെ നിശ്ചയിച്ച് യു.ഡി.എഫ് കാത്തിരുന്ന കാര്യം ഓർമ്മിപ്പിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. കമ്മീഷന്റേത് കുറ്റകരമായ നിലപാടാണെന്നും പോസ്റ്റൽ വോട്ടുകളുടെ കാര്യത്തിൽ കൃത്യത വരുത്തുന്നതിൽ വീഴ്ചയുണ്ടായെന്നും അദ്ദേഹം ആരോപിച്ചു. പോസ്റ്റൽ വോട്ട് ചെയ്യാൻ സാധിക്കാത്തവർക്ക് അതിനുള്ള അവസരം ഒരുക്കണമെന്നും പോളിങ് കണക്കുകൾ പുറത്തുവിടുന്നതിലെ കാലതാമസം പരിശോധിക്കണമെന്നും ടി.പി. രാമകൃഷ്ണൻ ആവശ്യപ്പെട്ടു.
