മലിനജലപ്രശ്നം: വടകര പുതിയ ബസ് സ്റ്റാൻഡിലെ പൊതുശൗചാലയം അടച്ചു; ദുരിതത്തിലായി യാത്രക്കാരും ജീവനക്കാരും

news image
Apr 18, 2026, 5:10 am GMT+0000 payyolionline.in

വടകര: ശൗചാലയ ടാങ്കിൽ നിന്നുള്ള മാലിന്യം ദേശീയപാതയുടെ ഓവുചാലിലേക്ക് ഒഴുകിയതിനെത്തുടർന്ന് വടകര പുതിയ ബസ് സ്റ്റാൻഡിലെ പൊതുശൗചാലയം നഗരസഭ അടപ്പിച്ചു. ഇതോടെ യാത്രക്കാരും ബസ് ജീവനക്കാരും വ്യാപാരികളും ഒരുപോലെ പ്രയാസത്തിലായിരിക്കുകയാണ്. ടാങ്കിലെ മാലിന്യം പൂർണ്ണമായും നീക്കം ചെയ്ത ശേഷം നഗരസഭയുടെ പരിശോധനയ്ക്ക് വിധേയമായി മാത്രമേ ഇനി ശൗചാലയം തുറന്നുനൽകുകയുള്ളൂ. നിലവിൽ മാലിന്യം നീക്കം ചെയ്യാനുള്ള പ്രവൃത്തികൾ ആരംഭിച്ചിട്ടുണ്ട്.

​ബസ് സ്റ്റാൻഡിന് എതിർവശത്തുള്ള വഴിയോര വിശ്രമകേന്ദ്രത്തിൽ ശൗചാലയ സൗകര്യമുണ്ടെങ്കിലും തിരക്കേറിയ ദേശീയപാത മുറിച്ചുകടന്ന് അവിടേക്ക് എത്തുക എന്നത് ജീവനക്കാർക്കും യാത്രക്കാർക്കും വലിയ വെല്ലുവിളിയാണ്. സമയക്രമം പാലിക്കാനായി നെട്ടോട്ടമോടുന്ന ബസ് ജീവനക്കാർക്ക് ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. സ്ത്രീ ജീവനക്കാരടക്കം പ്രാഥമിക ആവശ്യങ്ങൾക്കായി ദൂരെയുള്ള പഴയ ബസ് സ്റ്റാൻഡിനെയോ സ്വകാര്യ പറമ്പുകളെയോ ആശ്രയിക്കേണ്ട ദുരവസ്ഥയിലാണ്. ചൂട് കൂടുന്ന സാഹചര്യത്തിൽ ധാരാളം വെള്ളം കുടിക്കേണ്ടി വരുന്നതിനാൽ ശൗചാലയം ഉപയോഗിക്കാൻ കഴിയാത്തത് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്.

​ശുചിമുറി മാലിന്യം പരസ്യമായി ഒഴുക്കിയവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടി സ്വീകരിക്കുമെന്ന് വടകര നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ വി.കെ. വിനു വ്യക്തമാക്കി. ടാങ്കിലെ മാലിന്യം നീക്കം ചെയ്യുന്ന പ്രവൃത്തികൾ യുദ്ധകാലാടിസ്ഥാനത്തിൽ തീർത്ത് നാലോ അഞ്ചോ ദിവസത്തിനകം ശൗചാലയം തുറന്നുകൊടുക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അതുവരെ ബസ് സ്റ്റാൻഡിന് എതിർവശത്തെ വഴിയോര വിശ്രമകേന്ദ്രത്തെ ആശ്രയിക്കാൻ യാത്രക്കാരോട് അധികൃതർ നിർദേശിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe