കോഴിക്കോട് : പന്തീരാങ്കാവിലെ ജ്വല്ലറിയിൽ നിന്നു 17 ഗ്രാം സ്വർണം മോഷ്ടിച്ച യുവാവ് ഓടി രക്ഷപ്പെട്ടു. ഉച്ചയ്ക്ക് 2.20 ന് ആണ് സ്വർണം വാങ്ങാനെന്ന വ്യാജേന ഇയാൾ പന്തീരാങ്കാവിലെ ഫാഷൻ ജ്വല്ലറിയിൽ എത്തിയത്.
മാസ്ക് ധരിച്ച് എത്തിയ ഇയാൾ ജ്വല്ലറിയിൽ നിന്നു വെള്ളം വാങ്ങി കുടിച്ച ശേഷം നാലു വളകൾ വാങ്ങി കയ്യിൽ വച്ച ശേഷം ഒരു യുവതിയുമായി വിഡിയോ കോളിൽ സംസാരിച്ചു. ഇതിനു ശേഷം വളകളുമായി പെട്ടെന്ന് കടയിൽനിന്ന് ഇറങ്ങി ഓടുകയായിരുന്നു. കടയ്ക്കു പുറത്ത് മറ്റൊരാൾ സ്റ്റാർട്ട് ചെയ്ത് നിർത്തിയിട്ട നമ്പർ പ്ലേറ്റില്ലാത്ത സ്കൂട്ടറിൽ കയറിയാണ് ഇയാൾ കടന്നുകളഞ്ഞത്.
സംസ്ഥാനത്ത് താപനില ഉയരുന്നു; ‘സെൽഫ് ലോക്ക്ഡൗൺ’ പാലിക്കണമെന്ന് മുഖ്യമന്ത്രി
ജ്വല്ലറി ഉടമ അഷറഫും മറ്റും ബഹളം വച്ചതോടെ പിന്നാലെ പോയ ചിലർ ഇരുചക്രവാഹനങ്ങളിൽ ഇവരെ പിന്തുടർന്നെങ്കിലും പന്തീരാങ്കാവ് ബൈപ്പാസിലൂടെ അതിവേഗം സ്കൂട്ടർ ഓടിച്ച് പോകുകയായിരുന്നു. സംഭവത്തിൽ പന്തീരാങ്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവാക്കൾ സ്കൂട്ടറിൽ കടന്നു കളയുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
ചൊവ്വാഴ്ച മലപ്പുറം കൊണ്ടോട്ടിയിലും സമാനമായ രീതിയിൽ കവർച്ച നടന്നിരുന്നു. കൊണ്ടോട്ടിയിലെ കനകമഹൽ എന്ന ജ്വല്ലറിയിൽ വളകൾ വാങ്ങാൻ എത്തിയ യുവാവ് മൂന്നു വളകൾ കയ്യിൽ വച്ച് വിഡിയോ കോൾ ചെയ്ത ശേഷം ജ്വല്ലറിയിൽ നിന്ന് ഓടി പുറത്തിറങ്ങുകയും പുറത്ത് മറ്റൊരാൾ സ്റ്റാർട് ചെയ്ത് നിർത്തിയിരുന്ന സ്കൂട്ടറിൽ കടന്നു കളയുകയുമായിരുന്നു. രണ്ടു ലക്ഷം രൂപ വരുന്ന സ്വർണമാണ് കൊണ്ടോട്ടിയിൽ ഇത്തരത്തിൽ ഒരു യുവാവ് തട്ടിയെടുത്തത്. രണ്ടു സംഭവങ്ങളിലും ഒരേ സംഘമാണ് പ്രവർത്തിച്ചതെന്ന സംശയത്തിലാണ് പൊലീസ്.
