കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പീഡന ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ സംഭവത്തിൽ കോടതി മേൽനോട്ടത്തിൽ പുതിയ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് രണ്ടാമത്തെ ഹൈക്കോടതി ജഡ്ജിയും പിന്മാറി. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് ഹർജി കേൾക്കുന്നതിൽ നിന്ന് ഒടുവിലായി പിന്മാറിയത്. മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിക്കപ്പെട്ട കാലയളവിൽ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ജഡ്ജിയായിരുന്നു ഇദ്ദേഹം. കേസിന്റെ വസ്തുതാന്വേഷണ റിപ്പോർട്ടിൽ ജസ്റ്റിസ് കൗസർ എടപ്പഗത്തിനെതിരെ കോടതി ജീവനക്കാരന്റെ മൊഴിയുണ്ടായിരുന്നു.
ഇതേത്തുടർന്ന് അതിജീവിതയുടെ ഹർജി ഇനി മറ്റൊരു ബെഞ്ച് പരിഗണിക്കും.
നേരത്തെ ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യനും ഈ ഹർജി പരിഗണിക്കുന്നതിൽ നിന്ന് പിന്മാറിയിരുന്നു. ദൃശ്യങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും അതിനാൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ പുതിയ അന്വേഷണം വേണമെന്നുമാണ് അതിജീവിതയുടെ ആവശ്യം. സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷക വൃന്ദ ഗ്രോവർ വഴിയാണ് അതിജീവിത ഹൈക്കോടതിയിൽ പുതിയ ഹർജി ഫയൽ ചെയ്തത്.
അതിജീവിതയുടെ പീഡന ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് മൂന്ന് തവണയാണ് നിയമവിരുദ്ധമായി പരിശോധിക്കപ്പെട്ടത്. 2018 ജനുവരി 9-ന് രാത്രി 9.58-ന് അന്നത്തെ അങ്കമാലി മജിസ്‌ട്രേറ്റ് ലീന റഷീദും, 2018 ഡിസംബർ 13-ന് രാത്രി 10.58-ന് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ബെഞ്ച് ക്ലാർക്ക് മഹേഷ് മോഹനും കാർഡ് നിയമവിരുദ്ധമായി പരിശോധിച്ചതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
വിചാരണ കോടതിയിലെ ശിരസ്തദാർ താജുദ്ദീന്റെ വിവോ ഫോണിലിട്ടാണ് അവസാനമായി മെമ്മറി കാർഡ് പരിശോധിച്ചതെന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്. ദൃശ്യങ്ങൾ അതീവ സുരക്ഷിതമായി സൂക്ഷിക്കണമെന്ന സുപ്രീം കോടതി നിർദേശം പാലിക്കുന്നതിൽ വിചാരണ കോടതി ജഡ്ജിയായിരുന്ന ഹണി എം. വർഗീസിന് വീഴ്ചപറ്റിയെന്ന ആക്ഷേപം മുൻപ് തന്നെ ശക്തമായിരുന്നു.
