മേപ്പയ്യൂർ: ‘ഹരിതാഭമായ ഭാവിക്കായി സൈക്ലിംഗ്’ എന്ന സന്ദേശമുയർത്തി ലോക സൈക്കിൾ ദിനാചരണത്തിന്റെ ഭാഗമായി മേപ്പയ്യൂരിൽ സൈക്കിൾ റാലി നടത്തി. ശാരീരിക-മാനസിക ആരോഗ്യ സംരക്ഷണം, കാർബൺ മലിനീകരണം കുറയ്ക്കൽ, ഇന്ധനച്ചെലവില്ലാത്ത യാത്രയിലൂടെയുള്ള സാമ്പത്തികലാഭം എന്നിവ മുൻനിർത്തി സമൂഹത്തിന്റെ സുസ്ഥിരമായ ഭാവിക്കായി സൈക്കിൾ യാത്രയുടെ പ്രാധാന്യം വിളിച്ചോതിയായിരുന്നു റാലി.
സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (SAI) സഹകരണത്തോടെ പയ്യോളി സൈക്കിൾ ക്ലബ്ബ് മേപ്പയ്യൂരും പള്ളിക്കര സൈക്കിൾ കൂട്ടവും സംയുക്തമായാണ് റാലി സംഘടിപ്പിച്ചത്. മേപ്പയ്യൂർ ഹൈസ്കൂൾ മൈതാനത്ത് നടന്ന ചടങ്ങിൽ പേരാമ്പ്ര എം.എൽ.എ അഡ്വ. ഫാത്തിമ തഹലിയ റാലി ഫ്ലാഗ് ഓഫ് ചെയ്തു. മേപ്പയ്യൂർ ടൗൺ, കുയിമ്പുലുന്ത്, മഞ്ഞക്കുളം, കല്ലുമ്പുറം ജങ്ഷൻ, ഇരിങ്ങത്ത് ടൗൺ തുടങ്ങിയ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച റാലി ഇരിങ്ങത്ത് പാക്കനാർപുരം ഗാന്ധി സദനത്തിൽ സമാപിച്ചു.
മേപ്പയ്യൂർ ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ കായികാധ്യാപകൻ സമീർ പരപ്പിൽ അധ്യക്ഷത വഹിച്ചു. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. നിബിത, ബ്ലോക്ക് പഞ്ചായത്ത് അംഗം നിഷാദ് പൊന്നങ്കണ്ടി, പ്രിൻസിപ്പൽ എം. സക്കീർ, പയ്യോളി സൈക്കിൾസ് എം.ഡി. എം. സജിത്ത്, ഡയറക്ടർ കെ.എസ്. സനൽ, പി.കെ. അനീഷ്, കമ്മന അബ്ദുറഹിമാൻ, മുജീബ് കോമത്ത്, കെ.എം. സുരേഷ് ബാബു, സി.എം. ബാബു എന്നിവർ സംസാരിച്ചു. വിവിധ സാമൂഹ്യ സംഘടനാ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. റാലിക്ക് അനിൽ പള്ളിക്കരെ, കെ.എം. ശ്രീകുമാർ, കെ.കെ. അശോകൻ, അനീഷ് കടവൻ തുടങ്ങിയവർ നേതൃത്വം നൽകി.
