മുക്കാളി: ദേശീയപാതയിൽ മുക്കാളിക്കും അഴിയൂരിനുമിടയിലുള്ള സർവ്വീസ് റോഡുകൾ അടിയന്തരമായി തുറന്ന് കൊടുക്കണമെന്ന് മുക്കാളി അടിപ്പാത ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. സർവ്വീസ് റോഡുകൾ അടച്ചിട്ടതിനാൽ ആറുവരിപ്പാതയിലൂടെ കാൽനടയാത്രക്കാർക്ക് സഞ്ചരിക്കേണ്ടി വരുന്നത് വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്. കഴിഞ്ഞ ഞായറാഴ്ച മുക്കാളിയിൽ മധ്യവയസ്കൻ വാഹനാപകടത്തിൽ മരിക്കാനിടയായത് അശാസ്ത്രീയമായ ട്രാഫിക് സംവിധാനം മൂലമാണെന്ന് യോഗം ആരോപിച്ചു.
നിലവിൽ കുഞ്ഞിപ്പള്ളി ടൗണിൽ ബസ് കയറാനുള്ള സൗകര്യം തികച്ചും ദുർഘടമാണ്. സർവ്വീസ് റോഡുകൾ വഴിതിരിച്ചുവിട്ടതോടെ യാത്രക്കാർ കിലോമീറ്ററുകളോളം നടക്കേണ്ടി വരുന്ന അവസ്ഥയാണ്. കൂടാതെ ദേശീയപാതയിൽ ബസ്സുകൾ തോന്നിയ സ്ഥലത്ത് നിർത്തുന്നത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ഈ പ്രശ്നങ്ങളുടെ ഗൗരവം ആർ.ഡി.ഒ (RDO) വുമായി നേരിട്ട് ചർച്ച ചെയ്യാനും യോഗം തീരുമാനിച്ചു.
ആക്ഷൻ കമ്മിറ്റി വൈസ് ചെയർമാൻ പി.പി. ശ്രീധരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ലീല, സജീവൻ വാണിയംകുളം, വി.എൻ. ശ്രീകല, കെ.പി. ജയകുമാർ, പി. ബാബുരാജ്, ഹാരിസ് മുക്കാളി, പ്രദീപ് ചോമ്പാല, പി.കെ. ഗംഗാധരൻ, പുരുഷു രാമത്ത്, എം. പ്രഭുദാസ്, നസീർ വിരോളി എന്നിവർ സംസാരിച്ചു.
