രഞ്ജിത് കുറ്റക്കാരൻ, തെളിവുകൾ ഉണ്ടെന്ന് കണ്ടെത്തൽ: ലൈംഗികാതിക്രമ കേസിൽ കുറ്റപത്രം സമർപ്പിച്ചു

news image
Jun 21, 2026, 10:04 am GMT+0000 payyolionline.in

കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസിൽ കുറ്റപത്രം സമർപ്പിച്ചു. രഞ്ജിത് കുറ്റക്കാരനാണെന്നും, ഇയാൾക്കെതിരെ തെളിവുകൾ ഉണ്ടെന്നുമാണ് കണ്ടെത്തൽ. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

രഞ്ജിത്തിനെതിരെ സാക്ഷിമൊഴികളും സാഹചര്യ തെളിവുകളുമുണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു. കൊച്ചി ഡിസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. ഫോർട്ട് കൊച്ചിയിലെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച് അപമര്യാദയായി പെരുമാറി എന്ന പരാതിയിലായിരുന്നു പൊലീസ് കേസ് എടുത്തത്.

സിനിമയിൽ കൂടുതൽ പ്രാധാന്യമുള്ള റോൾ നൽകാമെന്ന് പറഞ്ഞ് കാരവാനിലേക്ക് വിളിച്ചുവരുത്തി രഞ്ജിത് ലൈംഗികമായി ഉപദ്രവിച്ചുവെന്നായിരുന്നു നടിയുടെ പരാതി. കേസിൽ ഡിജിറ്റൽ തെളിവുകൾ അടക്കം നേരത്തെ അന്വേഷണ സംഘം വിശദമായി പരിശോധിച്ചിരുന്നു. സംഭവം നടന്നതായി അഭിനേത്രി ആരോപിച്ച കാരവൻ പൊലീസ് പിടിച്ചെടുത്ത് പരിശോധന നടത്തുകയും ചെയ്തിരുന്നു.

നിലവിൽ രഞ്ജിത്ത് ജാമ്യത്തിലാണ്. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് രഞ്ജിത്തിന് ജാമ്യം അനുവദിച്ചത്. നടിയുടെ അഭിനയത്തെ സംവിധായകൻ എന്ന നിലയിൽ വിമർശിച്ചതിന്റെ വൈരാഗ്യത്തെ തുടർന്നുള്ള വ്യാജ പരാതിയെന്നായിരുന്നു ജാമ്യ ഹർജിയിൽ രഞ്ജിത്തിന്റെ വാദം. സമാനമായ കേസിൽ നേരത്തെയും രഞ്ജിത്ത് പ്രതിയായിരുന്നുവെന്നും സാഹചര്യം അനുകൂലമായതിനാലാണ് രഞ്ജിത്ത് രക്ഷപ്പെട്ടതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe