തിരുവനന്തപുരം : ഇന്ത്യയുടെ മൂന്നാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3 വിജയപഥത്തിൽ . ശ്രീഹരിക്കോട്ട സതീഷ്‌ധവാൻ സ്‌പെയ്‌സ് സെന്ററിൽനിന്ന് 2.35നാണ് പടുകൂറ്റൻ റോക്കറ്റായ എൽവിഎം 3 എം 4 ചാന്ദ്രയാൻ 3മായി കുതിച്ചുയർന്നത്. രണ്ടാമത്തെ വിക്ഷേപണത്തറയിൽ നിന്ന് പേടകം പുറപ്പെട്ടത് ചാന്ദ്രരഹസ്യങ്ങളുടെ അന്വേഷണ ചരിത്രത്തിലേക്ക് ഇന്ത്യക്ക് ഒരു പുതിയ കുതിപ്പേകിക്കൊണ്ടാണ്.
വ്യാഴം പകൽ 1.05നായിരുന്നു 26 മണിക്കൂർ നീണ്ടു നിന്ന കൗണ്ട്‌ഡൗൺ ആരംഭിച്ചത്. തുടർന്ന് റോക്കറ്റിൽ ഇന്ധനം നിറയ്‌ക്കുന്ന പ്രക്രിയ തുടങ്ങി. ഇതിനൊപ്പം റോക്കറ്റിലെയും പേടകത്തിലെയും സോഫ്‌റ്റ്‌വെയർ, ഇലക്‌ട്രോണിക് സംവിധാനങ്ങൾ, മർദവ്യതിയാനങ്ങൾ തുടങ്ങിയവയും തുടർച്ചയായി നിരീക്ഷിച്ചു.
കൗണ്ട്‌ഡൗണിന്റെ അവസാനത്തോടെ വിക്ഷേപണ ചുമതല സ്വയംനിയന്ത്രിത സംവിധാനം ഏറ്റെടുത്തു. വിക്ഷേപണത്തിന്റെ പതിനാറാം മിനിറ്റിലാണ് ചാന്ദ്രയാൻ പേടകം ഭൂമിക്കടുത്തുള്ള താൽക്കാലിക ഭ്രമണപഥത്തിൽ എത്തുക. ഘട്ടംഘട്ടമായി വരും ദിവസങ്ങളിൽ ഭ്രമണപഥം ഉയർത്തും.
കൺട്രോൾ റൂമിൽനിന്നുള്ള കമാൻഡുകൾ വഴി ത്രസ്റ്ററുകൾ ജ്വലിപ്പിച്ചാകുമിത്. അഞ്ച് ഘട്ടമായി പഥം ഉയർത്താനാണ് തീരുമാനം. ആഗസ്‌ത് ആദ്യവാരം ഭൂമിയുടെ ആകർഷണവലയം ഭേദിച്ച് പേടകം ചന്ദ്രനിലേക്ക് പായും. ദീർഘയാത്രയ്‌ക്കൊടുവിൽ ആഗസ്‌ത് മൂന്നാംവാരം ചന്ദ്രന്റെ ആകർഷണ വലയത്തിലേക്ക് കടക്കും. പിന്നീട് വേഗം കുറച്ച് ചന്ദ്രന്റെ നൂറു കിലോമീറ്റർ അരികിലേക്ക് എത്തിക്കും. തുടർന്ന് പ്രൊപ്പൽഷൻ മോഡ്യൂൾ വേർപെടും. വീണ്ടും 50 കിലോമീറ്റർ അരികിലേക്ക് നീങ്ങും. ആഗസ്‌ത് 23നോ 24നോ പേടകം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങും. നാല് ത്രസ്റ്റർ എതിർ ദിശയിൽ ജ്വലിപ്പിച്ചാണ് വേഗം നിയന്ത്രിക്കുക. സെൻസറുകളുടെ സഹായത്തോടെ സ്വയം നിയന്ത്രിത സംവിധാനം വഴിയാണ് സോഫ്‌റ്റ് ലാൻഡിങ്. ആറ് പ്രധാന പരീക്ഷണ ഉപകരണമാണ് ലാൻഡറിലും റോവറിലുമുള്ളത്. ഇവ ഉപയോഗിച്ച് രണ്ടാഴ്‌ച പര്യവേക്ഷണം നടക്കും.
1752 കിലോയുള്ള ലാൻഡർ പേടകത്തെ ചന്ദ്രന്റെ പ്രതലത്തിൽ ഇറക്കുകയും അതിനകത്തുള്ള ചക്രവണ്ടി (റോവർ) ചന്ദ്രന്റെ പ്രതലത്തിൽ ഇറങ്ങി സമീപപ്രദേശങ്ങളിൽ രാസപര്യവേക്ഷണം നടത്തുകയുമാണ് ദൗത്യലക്ഷ്യം. ചന്ദ്രനിൽ ഇറങ്ങുന്നതിന്റെ അവസാന നിമിഷം നിയന്ത്രണം നഷ്ടപ്പെട്ട് അവിടെ വീണുപോയ ചാന്ദ്രയാൻ – -2ലെ വിക്രം എന്ന ലാൻഡറിന്റെ പരിഷ്കരിച്ച പതിപ്പാണ് മൂന്നാം ദൗത്യത്തിലെ ലാൻഡർ. ആഗസ്‌ത് 23നോ 24നോ ചന്ദ്രനിൽ ഇറങ്ങാൻ ലക്ഷ്യമിട്ടിരിക്കുന്ന ലാൻഡറിന്റെ വിജയത്തോടെ ഒരു യന്ത്രപേടകത്തെ ചന്ദ്രനിൽ പതുക്കെ ഇറക്കുന്ന (സോഫ്‌റ്റ് ലാൻഡിങ്) നാലാമത്തെ രാജ്യമെന്ന ബഹുമതിയും ഇന്ത്യയുടേതാകും.