കൊയിലാണ്ടി: സമസ്ത ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി എസ്എസ്എഫ് കൊയിലാണ്ടി ഡിവിഷൻ ‘വിദ്യാർത്ഥികൾ ആസ്വദിച്ച വെളിച്ചം’ എന്ന പ്രമേയത്തിൽ ഗ്രാറ്റിറ്റ്യൂഡ് കോൺഫറൻസ് സംഘടിപ്പിച്ചു. ഡിവിഷൻ പ്രസിഡന്റ് സഅദ് സഖാഫിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ജില്ലാ മുശാവറ അംഗം എൻ.കെ. അബ്ദുറഹ്മാൻ ദാരിമി ഉദ്ഘാടനം ചെയ്തു. ധാർമ്മിക വിപ്ലവ പ്രസ്ഥാനത്തിന്റെ ചരിത്രത്തെക്കുറിച്ചും, വിദ്യാർത്ഥികളുടെ ആത്മീയവും ബൗദ്ധികവുമായ ഭാവി രൂപപ്പെടുത്തുന്നതിൽ സംഘടനാ സംവിധാനത്തിനുള്ള പങ്കിനെക്കുറിച്ചും എസ്എസ്എഫ് സംസ്ഥാന സെക്രട്ടറി കെ.പി. മുഹമ്മദ് അനസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ഉമറലി വി.പി.കെ. വിഷയാവതരണം നടത്തി.
സമ്മേളനത്തിന് ശേഷം കൊയിലാണ്ടി നഗരത്തിൽ നടന്ന വിദ്യാർത്ഥി റാലി ശ്രദ്ധേയമായി. ‘അധാർമ്മികതയെ ധാർമ്മികത കൊണ്ട് നേരിടുക’ എന്ന പ്രമേയം ഉയർത്തിപ്പിടിച്ചാണ് വിദ്യാർത്ഥികൾ റാലിയിൽ അണിനിരന്നത്. ഹരിതവും ധവളവും നീലയും നിറത്തിലുള്ള പതാകകളേന്തി വിദ്യാർത്ഥികൾ നടത്തിയ റാലി നഗരത്തെ ആവേശത്തിലാക്കി. ഇർഫാൻ സഖാഫി റാലിയുടെ സമാപന സന്ദേശം നൽകി. ഡിവിഷൻ ജനറൽ സെക്രട്ടറി മുഹമ്മദ് റാസി സ്വാഗതവും സിനാൻ തുറയൂർ നന്ദിയും പറഞ്ഞു.
