വിവാഹ വീട്ടിലെ കൊലപാതകം; പ്രതികൾക്കെതിരെ രോഷാകുലരായി രാജുവിന്‍റെ ബന്ധുക്കൾ, തെളിവെടുപ്പ് നടത്താനാകാതെ പൊലീസ്

news image
Jul 1, 2023, 9:51 am GMT+0000 payyolionline.in

തിരുവനന്തപുരം: വർക്കലയിൽ വിവാഹത്തലേന്ന് ഗൃഹനാഥനെ കൊലപ്പെടുത്തിയ പ്രതികൾക്ക് നേരെ ബന്ധുക്കളുടെ പ്രതിഷേധം. കൊല്ലപ്പെട്ട രാജുവിന്റെ വീട്ടിൽ തെളിവെടുപ്പിനെത്തിച്ചപ്പോഴായിരുന്നു പ്രതിഷേധം. തുടർന്ന്, പ്രതികളെ പുറത്തിറക്കി തെളിവെടുപ്പ് നടത്താനാകാതെ പൊലീസ് മടങ്ങി. അതേസമയം, ദൃക്സാക്ഷികള്‍ക്ക് വധഭീഷണിയുണ്ടെന്നാണ് ബന്ധുക്കളുടെ പരാതി. വ്യാഴാഴ്ച രാത്രി അജ്ഞാതരായ രണ്ട് പേര്‍ അസ്വാഭാവികമായി വീട്ടിൽ എത്തിയെന്ന് ബന്ധുക്കള്‍ പറയുന്നു. ദൃക്സാക്ഷികള്‍ക്ക് വധഭീഷണിയുണ്ടെന്ന് കാട്ടി, രാജുവിന്‍റെ ബന്ധുക്കള്‍ കല്ലമ്പലം പൊലീസിന് പരാതി നല്‍കി.

വടശ്ശേരിക്കോണത്ത് ശ്രീലക്ഷ്മിയിൽ രാജു (61) ആണ് കഴിഞ്ഞ ദിവസം വീട്ടിൽ വെച്ചുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മകൾ ശ്രീലക്ഷ്മി വിവാഹ അഭ്യർത്ഥന നിരസിച്ചതിലുള്ള പക കൊണ്ട് അയൽവാസിയായ ജിഷ്ണുവും സംഘവുമാണ് ക്രൂരമായ കൊല നടത്തിയത്. വിവാഹത്തലേന്നത്തെ ആഘോഷ പാർട്ടി തീർന്നതിന് പിന്നാലെയായിരുന്നു ജിഷ്ണുവും സംഘവുമെത്തിയത്. കാറിൽ ഉച്ചത്തിൽ പാട്ട് വെച്ച് ബഹളം ഉണ്ടാക്കി, പിന്നാലെ ശ്രീലക്ഷ്മിയെയും വീട്ടിലുണ്ടായിരുന്ന സ്ത്രീകളടക്കമുള്ളവരെയും ആക്രമിച്ചു. ഇത് തടയാൻ ശ്രമിച്ച രാജുവിനെ മൺവെട്ടി കൊണ്ട് തലക്ക് അടിച്ചുവീഴ്ത്തി.

പരിക്കേറ്റ രാജുവിനെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോഴും സംഘം പിന്നാലെപോയി. രാജു മരിച്ചതോടെ ഇവർ മുങ്ങുകയായിരുന്നു. ആശുപത്രിക്ക് സമീപത്തുള്ള ബാങ്കിന്‍റെ പരിസരത്ത് നിന്നാണ് പ്രതികളായ ജിഷ്ണു, ജിജിൻ, ശ്യാം, മനു എന്നിവരെ പിടൂകൂടിയത്. രണ്ട് വർഷം മുമ്പായിരുന്നു ജിഷ്ണു ശ്രീലക്ഷ്മിയോട് വിവാഹ അഭ്യർത്ഥന നടത്തിയത്. ഒറ്റക്കെത്തിയും കുടുംബാംഗങ്ങൾക്കൊപ്പമെത്തിയും മൂന്ന് തവണയായിരുന്നു അഭ്യർത്ഥന നടത്തിയത്. ശ്രീലക്ഷ്മി അഭ്യർത്ഥന നിരസിക്കുകയായിരുന്നു. ഇനി ശ്രീലക്ഷ്മിക്ക് ഒരു വിവാഹം ഉണ്ടാകാൻ അനുവദിക്കില്ലെന്ന് അന്ന് ജിഷ്ണു ഭീഷണിപ്പെടുത്തിയിരുന്നു. പിടിയിലായ ജിഷ്ണു, സഹോദരൻ ജിജിൻ, ശ്യാംകുമാർ, മനു എന്നിവർ കുറ്റം സമ്മിതിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe