വീട്ടമ്മയ്ക്ക് ആക്രമണം: 2 പൊലീസുകാർക്ക് സസ്പെൻഷൻ; കേസെടുത്ത് വനിതാ കമ്മിഷൻ

news image
Mar 20, 2023, 2:35 pm GMT+0000 payyolionline.in

തിരുവനന്തപുരം ∙ വഞ്ചിയൂരിൽ വീട്ടമ്മയെ നടുറോഡിൽ അജ്ഞാതൻ ആക്രമിച്ച സംഭവം അന്വേഷിക്കുന്നതിൽ വീഴ്ച വരുത്തിയ രഞ്ജിത്ത്, ജയരാജ് എന്നീ പൊലീസുകാരെ സസ്പെൻഡ് ചെയ്തു. മാർച്ച് 13ന് രാത്രി പത്തരയോടെ മരുന്നു വാങ്ങാൻ ജനറൽ ആശുപത്രി ജംക്‌ഷനിലെത്തിയ യുവതിക്കു നേരെയാണ് അതിക്രമമുണ്ടായത്. പേട്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. പിന്നീട് സ്ഥലത്തെത്തിയ രണ്ടു പൊലീസുകാർ, ആശുപത്രിയിൽ ചികിത്സ തേടിയ യുവതിയുടെ മൊഴിയെടുക്കുകയോ ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയോ ചെയ്തില്ല.

 

സംഭവത്തിൽ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തതായി അധ്യക്ഷ പി.സതീദേവി പറഞ്ഞു. യുവതിയുടെ തലയിൽ നല്ല പരുക്കേറ്റിട്ടുണ്ട്. പൊലീസ് നിലപാട് ഒരിക്കലും അംഗീകരിക്കാനാകില്ല. വീട്ടമ്മ സ്റ്റേഷനിലെത്തി മൊഴി നൽകണമെന്നു പറഞ്ഞത് പൊലീസിന് ഭൂഷണമല്ല. പേട്ട പൊലീസിനോട് കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടുവെന്നും സതീദേവി അറിയിച്ചു.

വഞ്ചിയൂർ മൂലവിളാകം ജംക്‌ഷനിൽവച്ചാണ് യുവതി ആക്രമിക്കപ്പെട്ടത്. മെഡിക്കൽ സ്റ്റോറിൽനിന്ന് മടങ്ങുമ്പോൾ അ‍ജ്ഞാതൻ പിന്തുടരുകയായിരുന്നു. ആക്രമിക്കാൻ ശ്രമിച്ചപ്പോൾ യുവതി വേഗത്തിൽ വാഹനം ഓടിച്ചുപോയി. വാഹനം വീട്ടുവളപ്പിലേക്കു കയറ്റാൻ ശ്രമിക്കുമ്പോൾ ബൈക്കിലെത്തിയയാൾ വാഹനം മുന്നിലേക്കു കയറ്റി തടഞ്ഞു. ദേഹോപദ്രവം ഏൽപിക്കാൻ ശ്രമിച്ചപ്പോൾ യുവതി എതിർത്തു. അക്രമി തലമുടി കുത്തിപ്പിടിച്ച് അടുത്തുള്ള കരിങ്കൽ ചുമരിലേക്ക് ഇടിച്ചു. ഇടതു കണ്ണിനും കവിളിലും പരുക്കേറ്റ യുവതി ചോരയൊലിക്കുന്ന മുഖവുമായി വീട്ടിലെത്തി മകളോട് വിവരം പറഞ്ഞു. മകളാണു പേട്ട പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe