സംവിധായകൻ ജോഷിയുടെ വീട്ടിലെ കവര്‍ച്ച; പ്രതിയുടെ ഭാര്യ നാട്ടില്‍ പഞ്ചായത്ത് പ്രസിഡന്‍റ്, പ്രതിക്കെതിരെ 19 കേസ്

news image
Apr 22, 2024, 6:56 am GMT+0000 payyolionline.in

കൊച്ചി: സംവിധായകൻ ജോഷിയുടെ, പനമ്പിള്ളി നഗറിലെ വീട്ടില്‍ കവര്‍ച്ച നടത്തിയ പ്രതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബിഹാര്‍ സ്വദേശിയായ മുഹമ്മദ് ഇര്‍ഷാദ് ആണ് പ്രതി. ഇയാളുടെ ഭാര്യ നാട്ടില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ആണെന്ന കൗതുകകരമായ വിവരമാണ് ഇന്ന് പുറത്തുവന്നിരിക്കുന്നത്. ബിഹാറിലെ സീതാമഢി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഗുല്‍ഷൻ ആണ് ഇര്‍ഷാദിന്‍റെ ഭാര്യയെന്ന് പൊലീസ്.

നാട്ടില്‍ ഇത്രയും വലിയ സ്ഥാനം അലങ്കരിക്കുന്ന ഒരു വ്യക്തിയുടെ പങ്കാളി എങ്ങനെ കവര്‍ച്ചക്കാരനായി എന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്. ആറോളം സംസ്ഥാനങ്ങളിലായി ഇര്‍ഷാദിനെതിരെ 19 കേസുകളുണ്ടെന്നാണ് പൊലീസ് അറിയിക്കുന്നത്.

 

സംഭവം നടന്ന് പതിനഞ്ച് മണിക്കൂറിനകം തന്നെ കള്ളനെ പിടിക്കാനായത് പൊലീസിന്‍റെ വലിയ നേട്ടം തന്നെയാണ്. കൊച്ചി സിറ്റി പൊലീസിന്‍റെ സമയോചിതമായ പ്രവര്‍ത്തനങ്ങളാണ് പ്രതിയെ പിടികൂടുന്നതിലേക്ക് എത്തിച്ചത്. അതേസമയം കര്‍ണാടകയില്‍ നിന്ന് പ്രതിയെ പിടികൂടുന്നതിന് കര്‍ണാടക പൊലീസും തങ്ങളെ ഏറെ സഹായിച്ചുവെന്നാണ് കേരള പൊലീസ് പറയുന്നത്. രമണ്‍ ഗുപ്ത ഐപിഎസ് ആണ് കര്‍ണാകയിലെ കാര്യങ്ങള്‍ കോ-ഓര്‍ഡിനേറ്റ് ചെയ്തതെന്നും അന്വേഷണം സംഘം പറയുന്നു.

 

ജോഷിയുടെ വീട്ടിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് ഇനിയും പല ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടാനുണ്ട്. എങ്ങനെയാണ് ഇവിടെ ഇത്ര ആഭരണങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട് എന്ന് പ്രതികള്‍ അറിഞ്ഞത്, അത് ആരെങ്കിലും പറഞ്ഞുകൊടുത്തതാണോ, അങ്ങനെയെങ്കില്‍ പ്രദേശത്തുള്ള ആരെങ്കിലുമായും പ്രതിക്ക് ബന്ധമുണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം പൊലീസ് അന്വേഷിച്ചുവരികയാണ്.

മാത്രമല്ല, ലോക്കര്‍ കുത്തി തുറന്നിരുന്നില്ല. താക്കോല്‍ ലോക്കറില്‍ തന്നെ ഉണ്ടായിരുന്നു എന്നാണിതില്‍ നിന്ന് വ്യക്തമാകുന്നത്. ഇതിലെല്ലാം ഇനിയും വ്യക്തത വരാനുണ്ട്.

പനമ്പിള്ളിനഗറിലെ തന്നെ മൂന്ന് വീടുകളില്‍ കയറാൻ ഇര്‍ഷാദ് ശ്രമിച്ചുവെന്നും പൊലീസ് അറിയിച്ചു. ജോഷിയുടെ വീട്ടില്‍ നിന്ന് മോഷ്ടിച്ച എല്ലാം പൂര്‍ണമായും കണ്ടെടുക്കാൻ പൊലീസിന് കഴിഞ്ഞിട്ടുണ്ട്. പ്രതി മുംബൈയിലേക്കുള്ള യാത്രയിലായിരിക്കെയാണ് പിടിയിലാകുന്നത്. ആരെങ്കിലും പ്രതിക്ക് നാട് വിടാൻ അടക്കം സഹായം നല്‍കിയോ എന്നതും പൊലീസ് അന്വേഷിക്കും.

 

വെള്ളിയാഴ്ച രാത്രിയാണ് കവര്‍ച്ച നടക്കുന്നത്. ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണ-വജ്രാഭരണങ്ങളാണ് ജോഷിയുടെ വീട്ടില്‍ നിന്ന് കവര്‍ച്ച ചെയ്യപ്പെട്ടത്. വീട്ടിലെ സിസിടിവിയില്‍ മോഷ്ടാവിന്‍റെ മുഖം പതിഞ്ഞതും, സമീപപ്രദേശത്തെ മറ്റ് സിസിടിവി ക്യാമറകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയുടെ വാഹനത്തെ കുറിച്ച് സൂചന കിട്ടിയതും ആണ് അന്വേഷണത്തില്‍ നിര്‍ണായകമായത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe