സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് കോഴിക്കോട്ട് കൊടിയേറി; കായിക മേഖലയ്ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി

news image
Oct 25, 2026, 1:29 pm GMT+0000 payyolionline.in

കോഴിക്കോട്: 68 -ാം സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് വർണാഭമായ കൊടിയേറ്റം. കോഴിക്കോട് എൻ ഐ ടി ഗ്രൗണ്ടിൽ മുഖ്യമന്ത്രി വി ഡി സതീശനാണ് ദീപശിഖ കൊളുത്തി മേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. ഒളിംപ്യൻ പി ടി ഉഷ, വിദ്യാഭ്യാസ മന്ത്രി എൻ ശംസുദ്ദീൻ, കായിക താരങ്ങളായ പി ആർ ശ്രീജേഷ്, പി യു ചിത്ര, വിസ്മയ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു കായിക മേളക്ക് കൊടിയേറിയത്. ഭിന്നശേഷിക്കാരായ കുട്ടികളെക്കൂടി ഉൾപ്പെടുത്തി ഒരേ വേദിയിലാണ് ഇത്തവണ മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. ഉദ്ഘാടന വേദിയിൽ കായിക മേഖലക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രി സംസാരിച്ചത്.

കായിക മേഖലക്ക് പ്രത്യേക പാക്കേജ്
കേരളത്തിന് പുറത്തേക്ക് മത്സരങ്ങൾക്ക് പോകുന്ന എല്ലാ കുട്ടികൾക്കും സർക്കാർ ടി.എയും ഡി.എയും നൽകുമെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പ്രഖ്യാപിച്ചു. കായിക മേഖലയ്ക്ക് സർക്കാർ വലിയ മുൻഗണന നൽകുമെന്നും സതീശൻ വ്യക്തമാക്കി. 2036 ഒളിംപിക്സ് ലക്ഷ്യമിട്ടുള്ള പ്രത്യേക പാക്കേജും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ലഹരി മാഫിയക്കെതിരെയുള്ള ഏറ്റവും ശക്തമായ മറുപടിയാണ് സ്പോർട്സെന്നും കുട്ടികളെ ലഹരിക്ക് വിട്ടുനൽകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കായിക സംസ്കാരം ശക്തിപ്പെടുത്താൻ സർക്കാർ കുട്ടികളുടെ താല്പര്യങ്ങൾക്കൊപ്പം നിൽക്കുമെന്ന് ചടങ്ങിൽ സംസാരിച്ച വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദീനും വ്യക്തമാക്കി.

പി ടി ഉഷയുടെ അഭ്യർത്ഥന
താൻ എവിടെ നിന്ന് വരുന്നു എന്നതിലല്ല, എവിടെ വരെ എത്തണം എന്ന് സ്വപ്നം കാണുന്നതിലാണ് കാര്യമെന്ന് ചടങ്ങിൽ സംസാരിച്ച പി ടി ഉഷ കുട്ടികളോട് ആഹ്വാനം ചെയ്തു. ഒളിംപിക്സിൽ ഒരു സെക്കന്റിന്റെ നൂറിലൊരു അംശത്തിന് മെഡൽ നഷ്ടമായതാണ് തന്റെ ഏറ്റവും വലിയ നിരാശയെന്നും, വീഴുമ്പോൾ എഴുന്നേറ്റ് ഓടുന്നതിലാണ് കാര്യമെന്നും അവർ ഓർമ്മിപ്പിച്ചു. 2036 ഒളിമ്പിക്സിന് ഇന്ത്യ ആതിഥേയത്വം വഹിക്കുമ്പോൾ നിങ്ങളാണ് പ്രതീക്ഷയെന്നും ഉഷ കുട്ടികളോട് പറഞ്ഞു. ബാഡ്മിന്റൺ മത്സരത്തിനെത്തുന്ന കുട്ടികൾക്ക് ഷട്ടിൽ ബാറ്റുകൾ നൽകാൻ സർക്കാർ മുൻകൈ എടുക്കണമെന്നും ഉഷ കായികമന്ത്രിയോട് അഭ്യർത്ഥിച്ചു. നല്ല വിലകൊടുത്ത് കുട്ടികൾ തന്നെ ബാറ്റ് വാങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അത് മാറാൻ സർക്കാർ ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe