കൊയിലാണ്ടി: അറിവ് തേടി, വിദ്യാലയത്തിലേക്ക് കടന്ന് വരുന്ന പിഞ്ചുഹൃദയങ്ങളിൽ വരെ അധ്യാപകരിലൂടെ വെറുപ്പിന്റ വിത്ത് വിതയ്ക്കാനുള്ള ഫാസിസ്റ്റ് ശ്രമങ്ങൾക്കെതിരെ സഹാനുഭൂതിയുടെ ഖുർആനിക സന്ദേശം കൊണ്ട് സാമൂഹിക ഐക്യം സാധ്യമാക്കാൻ ശ്രമിക്കണമെന്ന് വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ ജില്ലാ സമിതി കൊയിലാണ്ടി സൂരജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഖുർആൻ സമ്മേളനം അഭിപ്രായപ്പെട്ടു.
സമാധാന സന്ദേശ പ്രചാരകരാകേണ്ട അധ്യാപകർ തന്നെ അക്രമാസക്തമായ മനസിനെ രൂപപ്പെടുത്താൻ ശ്രമിക്കുന്നത് പ്രതിഷേധാർഹമാണ്. ചന്ദ്രയാന്റ വിക്ഷേപണം അഭിമാനകരമാണെങ്കിലും അതുപയോഗിച്ച് അന്ധവിശ്വാസങ്ങൾ വളർത്താനുള്ള ശ്രമങ്ങളെ കരുതിയിരിക്കണം. പ്രവിശാലമായ പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളെ കുറിച്ച് ചിന്തിക്കാനും കൂടുതൽ പഠിക്കാനും പ്രചോദിപ്പിക്കുന്നതാണ് ക്വുർആനിക പാഠം. ക്വുർആൻ നിഷ്പക്ഷ പഠനത്തിനും വായനയ്ക്കും വിധേയമാക്കി തെറ്റിദ്ധാരണകളകറ്റണമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
സ്കൂൾ ക്ലാസുകളിലും വീടകങ്ങളിലും ലഹരി പിടിമുറുക്കുമ്പോൾ അടിസ്ഥാന പരിഹാരം ധാർമ്മികതയുടെ പ്രചാരണം മാത്രമാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
ലോക സ്രഷ്ടാവിനെ യഥാവിധി അറിയുകയാണ് ധാർമ്മികയുടെ അടിസ്ഥാനം. മുസ്ലിം സമൂഹത്തിൽ വർദ്ധിച്ചു വരുന്ന വിശ്വാസ ജീർണതകളിൽ നിന്ന് അവരെ രക്ഷപ്പെടുത്താൻ വി.ക്വുർആനിന്റെയും പ്രവാചക ചര്യയുടെയും പഠനം സമൂഹത്തിൽ വ്യാപിപ്പിക്കാൻ മഹല്ലു കമ്മറ്റികൾ മുന്നോട്ടു വരണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.സമ്മേളനം വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ ഉദ്ഘാടനം ചെയ്തു. വിസ്ഡം ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ കെ.പി.പി.അബൂബക്കർ അധ്യക്ഷത വഹിച്ചു. വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാരിസ് കായക്കൊടി, മൗലവി ശിഹാബ് എടക്കര, സ്വാലിഹ് അൽ ഹികമി, ടി.എൻ.ഷക്കീർ സലഫി, ഫൈറൂസ് കൊല്ലം വിഷയങ്ങൾ അവതരിപ്പിച്ചു.
പഠന സെഷനിൽ വിസ്ഡം ജില്ലാ ട്രഷറർ സി.പി. സാജിദ് അധ്യക്ഷത വഹിച്ചു.അബ്ദുറശീദ് കുട്ടമ്പൂർ, സി.പി.സലീം, മുജാഹിദ് ബാലുശ്ശേരി, ഹാഫിദ് ഹബീബുറഹ്മാൻ സ്വലാഹി, ബഷീർ മണിയൂർ, വി.കെ.ഉനൈസ് സ്വലാഹി, വിസ്ഡം യൂത്ത് ജില്ലാ പ്രസിഡണ്ട് എൻ.എം.സാജിദ്, സെക്രട്ടറി ഷമീർ മൂടാടി, ട്രഷറർ സി.പി. സജീർ പ്രസംഗിച്ചു. ഖുർആൻ മധുരം ഖുർആൻ സെഷന് വിസ്ഡം സ്റ്റുഡൻ്റ്സ് ജില്ലാ പ്രസിഡണ്ട് ടി.പി.മുഹമ്മദ് ഫാരിസ്, സെക്രട്ടറി സൈഫുല്ല അൽ ഹികമി എന്നിവർ നേതൃത്വം നൽകി.
ക്യൂ.എച്ച്.എൽ.എ സ് വാർഷിക പരീക്ഷ റാങ്ക് ജേതാക്കൾക്കുള്ള ഉപഹാരം വിസ്ഡം സംസ്ഥാന സെക്രട്ടറി നാസർ ബാലുശ്ശേരി വിതരണം ചെയ്തു. വിസ്ഡം യൂത്ത് ജില്ലാ ഭാരവാഹികളായ റഫാൻ കൊയിലാണ്ടി, സിറാജ് പേരാമ്പ്ര, കെ.പി.ഷാനിയാസ്, സരീ ഹ് കൊയിലാണ്ടി, ആശിഖ് വടകര, നാഇഫ് പന്തിരിക്കര, മുഹമ്മദ് മൂടാടി, ഷുഐബ് മേലൂർ നേതൃത്വം നൽകി.