ഹജ്ജ് പെർമിറ്റില്ലാത്തവരെ മക്കയിലേക്ക് കടത്താൻ ശ്രമിച്ച ഏഴു പേരെ പിടികൂടി; തടവും പിഴയും നാടുകടത്തലും ശിക്ഷ

news image
Jun 26, 2023, 10:19 am GMT+0000 payyolionline.in

റിയാദ്: ഹജ്ജ് പെർമിറ്റില്ലാത്തവരെ മക്കയിലേക്ക് കടത്താൻ ശ്രമിച്ച ഏഴു പേരെ പിടികൂടി. മക്കയുടെ പ്രവേശന കവാടങ്ങളിലെ ചെക്ക് പോസ്റ്റുകളിൽ പ്രവർത്തിക്കുന്ന ജവാസത്ത് സീസണൽ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഇവരെ ശിക്ഷിച്ചു. തടവും പിഴയുമാണ് ഇവർക്ക് വിധിച്ചത്. പെർമിറ്റില്ലാത്തവരെ കടത്താൻ ശ്രമിച്ച് കുടുങ്ങിയ വിദേശികളെ നാടുകടത്താനും ജവാസത്ത് സീസണൽ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റികൾ വിധിച്ചു.

പുതിയ വിസകളിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് ഇവർക്ക് വിലക്കേർപ്പെടുത്തിയിട്ടുമുണ്ട്. നിയമ ലംഘകരുടെ വാഹനങ്ങൾ കണ്ടുകെട്ടാൻ കോടതികളിൽ നിയമ നടപടികൾ സ്വീകരിക്കാനും തീരുമാനമുണ്ട്. ഹജ്ജ് പെർമിറ്റില്ലാത്തവരെ കടത്തുന്നവർക്കുള്ള ശിക്ഷകൾ പ്രഖ്യാപിക്കാൻ മക്കയുടെ പ്രവേശന കവാടങ്ങളിലെ ചെക്ക് പോസ്റ്റുകളിൽ ജവാസത്ത് സീസണൽ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റികൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. പെർമിറ്റില്ലാത്തവരെ മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും കടത്താൻ ശ്രമിക്കുന്നവർക്ക് ആറു മാസം വരെ തടവും 50,000 റിയാൽ തോതിൽ പിഴയും ലഭിക്കും. നിയമ ലംഘകരുടെ എണ്ണത്തിനനുസരിച്ച് ഡ്രൈവർമാർക്ക് ഇരട്ടി തുക പിഴ ചുമത്തും. ഇവരുടെ വാഹനങ്ങൾ കണ്ടുകെട്ടുകയും ചെയ്യും. വിദേശികളായ നിയമ ലംഘകരെ സൗദിയിൽ നിന്ന് നാടുകടത്തി പ്രവേശന വിലക്കേർപ്പെടുത്തും. ഹജ്ജ് നിയമ, നിർദേശങ്ങൾ പാലിക്കണമെന്ന് സ്വദേശികളോടും വിദേശികളോടും ജവാസത്ത് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe