ഭക്തിനിറവിൽ റമദാനിലെ ആദ്യവെള്ളി; പള്ളികൾ തിങ്ങിനിറഞ്ഞു

news image
Feb 21, 2026, 4:41 am GMT+0000 payyolionline.in

പൊന്നാനി: വിശുദ്ധ റമദാനിലെ ആദ്യ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് പള്ളികൾ തിങ്ങിനിറഞ്ഞു. നോമ്പിന്റെ പുണ്യവുമായാണ് ആദ്യ വെള്ളിയാഴ്ച വിശ്വാസികൾ മസ്ജിദുകളിലെത്തിയത്. ദൈവപ്രീതി കാംക്ഷിച്ച് അന്നപാനീയങ്ങൾ വെടിഞ്ഞ് റമദാനെ വരവേറ്റ വിശ്വാസികൾക്ക് ആത്മഹർഷത്തിന്റെ നിമിഷങ്ങളാണ് റമദാൻ മാസത്തിലെ ഓരോ വെള്ളിയാഴ്ചയും. ഇത്തവണ നോമ്പിന്റെ രണ്ടാം ദിവസമാണ് ആദ്യ ജുമുഅ എത്തിയത്. റമദാനിലെ ജുമുഅക്ക് കൂടുതൽ വിശ്വാസികൾ എത്തുമെന്നതിനാൽ പളളികളിൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയത്. ജുമുഅക്ക് കൂടുതൽ പേരെ ഉൾക്കൊള്ളാനുള്ള സൗകര്യവും ഒരുക്കിയിരുന്നു.

രാവിലെ മുതൽ തന്നെ പള്ളിയിലേക്ക് വിശ്വാസികൾ ഒഴുകിയെത്തി. ഏറെനേരം ഖുർആൻ പാരായണം ചെയ്തും ദിഖ്റുകൾ ചൊല്ലിയും അവർ ജുമുഅ ദിനത്തിൽ പ്രാർഥനകളിൽ മുഴുകി. പ്രമുഖ മസ്ജിദുകളിലെല്ലാം ജുമുഅക്ക് ആയിരങ്ങൾ ഒഴുകിയെത്തി. ജുമുഅ ഖുത്ബയിൽ നോമ്പിന്റെ പ്രത്യേകതകളും ശ്രേഷ്ഠതയും വിവരിച്ച ഖത്തീബുമാർ, റമദാനിന്റെ പവിത്രത കാത്തുസൂക്ഷിക്കാനുള്ള ആഹ്വാനവും നൽകി. ജനത്തിരക്ക് കാരണം പലയിടത്തും പള്ളിക്ക് പുറത്ത് നിന്നാണ് പലരും നമസ്കരിച്ചത്.പൊന്നാനി വലിയ ജുമുഅത്ത് പള്ളി ജുമുഅ ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് തന്നെ ജനനിബിഢമായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe