തിരുവനന്തപുരം: പാങ്ങപ്പാറ അഭിരാം കൊലക്കേസിൽ ഒന്നാം പ്രതിയുടെ വെളിപ്പെടുത്തലോടെ നിർണ്ണായക വിവരങ്ങൾ പുറത്തുവന്നു. തേങ്ങകൊണ്ട് തലക്കടിച്ച് വീഴ്ത്തിയ ശേഷം ബെൽറ്റുകൊണ്ട് കഴുത്തുഞെരിച്ചാണ് അഭിരാമിന്റെ മരണം ഉറപ്പിച്ചതെന്നാണ് വെളിപ്പെടുത്തൽ. ഇതോടെ കൊലപാതകത്തിന്റെ പൂർണ്ണചിത്രം വ്യക്തമായിരിക്കുകയാണ്. നവംബർ ഒന്നിന് ഞായറാഴ്ചയാണ് അഭിരാം കൊല്ലപ്പെട്ടത്. ഇതിന് തലേദിവസമായ ശനിയാഴ്ച മുതൽ അഭിരാമിനെയും സുഹൃത്തിനെയും കൊലപാതകം നടന്ന സ്ഥലത്തേക്ക് വിളിച്ചുവരുത്താനുള്ള നീക്കങ്ങൾ പ്രതികൾ ആരംഭിച്ചിരുന്നു.
അഭിരാമിനെയും സുഹൃത്തിനെയും ആക്രമിച്ചു കൊലപ്പെടുത്താൻ പ്രതികൾക്ക് രണ്ട് കാരണങ്ങളാണുണ്ടായിരുന്നത്. ഒന്നാം പ്രതിയുടെ മുൻ കാമുകിയുമായി അഭിരാമിന്റെ സുഹൃത്ത് അടുപ്പത്തിലായതാണ് ആദ്യ കാരണം. പ്രതിയുടെ നിലവിലെ സുഹൃത്തായ ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് അഭിരാമും സുഹൃത്തും ചേർന്നാണെന്ന വിശ്വാസമാണ് രണ്ടാമത്തേത്. ഈ വൈരാഗ്യത്തെത്തുടർന്ന് ഇരുവരെയും വിളിച്ചുവരുത്തി ആക്രമിക്കാനായി രണ്ടാം പ്രതിയായ ഉമറുമായി ചേർന്ന് ഒന്നാം പ്രതിയായ പതിനേഴുകാരൻ പദ്ധതി തയ്യാറാക്കി.
ആനന്ദയെന്ന വ്യാജേന ചാറ്റ് ചെയ്ത ഒന്നാം പ്രതി, ഞായറാഴ്ച വൈകിട്ട് മൂന്ന് മണിക്ക് മൺവിളയിലെത്താൻ അഭിരാമോട് ആവശ്യപ്പെട്ടു. അവിടെയുള്ള ബന്ധുവീട്ടിൽ ആനന്ദയുണ്ടെന്നും കാണാനാകുമെന്നും വിശ്വസിപ്പിച്ചാണ് വിളിച്ചുവരുത്തിയത്. ഇത് വിശ്വസിച്ച് 2.45-ഓടെ വീട്ടിൽ നിന്നിറങ്ങിയ അഭിരാം മൂന്ന് മണി കഴിഞ്ഞതോടെ മൺവിളയിലെത്തി. അരമണിക്കൂറോളം കാത്തുനിന്നിട്ടും ആനന്ദ എത്താത്തതിനാൽ നാല് മണി വരെ നോക്കിയിട്ട് മടങ്ങാമെന്ന് കരുതി നിൽക്കവെയാണ് ഒന്നാം പ്രതി എത്തിയത്. ചാറ്റ് ചെയ്തത് ആനന്ദയല്ലെന്നും താനാണെന്നും വ്യക്തമാക്കിയ പ്രതി, സൗഹാർദ്ദപരമായി സംസാരിക്കാമെന്ന് പറഞ്ഞ് അഭിരാമിനെ കൊലപാതകം നടന്ന കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. വൈകിട്ട് നാലരയോടെ ഇരുവരും സ്ഥലത്തെത്തി.
ആ സമയം ഉമർ സ്ഥലത്തുണ്ടായിരുന്നില്ല. കാട്ടിലെത്തിയതോടെ ഒന്നാം പ്രതിയുടെ ഭാവം മാറുകയും ആനന്ദയുടെ സ്വകാര്യ ദൃശ്യം പ്രചരിപ്പിച്ചത് അഭിരാമും സുഹൃത്തുമല്ലേ എന്ന് ചോദിച്ച് തർക്കം തുടങ്ങുകയും ചെയ്തു. സുഹൃത്തിനെ വിളിച്ചുവരുത്താൻ ആവശ്യപ്പെട്ടെങ്കിലും അഭിരാം തയ്യാറായില്ല. തുടർന്നുണ്ടായ കയ്യാങ്കളിക്കിടെ തേങ്ങയെടുത്ത് അഭിരാമിന്റെ തലയ്ക്ക് രണ്ടുതവണ അടിച്ചതോടെ അഭിരാം ബോധരഹിതനായി വീണു. പിന്നീട് മുൻപേ നിശ്ചയിച്ച പ്രകാരം ഒന്നാം പ്രതി ഉമറിനെ വിളിച്ചുവരുത്തി. ഉമർ എത്തി അഭിരാമിനെ ഉണർത്താൻ ശ്രമിക്കുകയും പാതി ബോധം തെളിഞ്ഞതോടെ വീണ്ടും ആക്രമിക്കുകയും ചെയ്തു. തുടർന്ന് അഭിരാമിന്റെ തന്നെ ബെൽറ്റ് ഊരിയെടുത്ത് കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ച് മരണം ഉറപ്പാക്കി.
മൃതദേഹം ചാക്കിലാക്കി ആക്കുളം കായലിൽ ഉപേക്ഷിക്കാനായിരുന്നു പ്രതികളുടെ ആദ്യ പദ്ധതി. എന്നാൽ മഴ പെയ്തതിനാൽ ഈ നീക്കം പരാജയപ്പെട്ടു. തുടർന്ന് തെളിവ് നശിപ്പിക്കാനായി കൊലപാതകത്തിന് ഉപയോഗിച്ച ബെൽറ്റും അഭിരാമിന്റെ മൊബൈൽ ഫോണും വസ്ത്രങ്ങളും കല്ലിൽ കെട്ടി സമീപത്തെ കിണറ്റിൽ താഴ്ത്തി. പ്രതികളുടെ ആവർത്തിച്ചുള്ള ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷമാണ് കേസിലെ വിശദാംശങ്ങൾ പുറത്തുവന്നത്.
