കൊച്ചി: ആഗോള അയ്യപ്പ സംഗമത്തിൻറെ വരവ് ചെലവ് കണക്കുകൾ ഉൾപ്പെടുത്തിയ വിശദമായ റിപ്പോർട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. കണക്കുകൾ ഹാജരാക്കാൻ കോടതി അനുവദിച്ച ഒരാഴ്ചത്തെ സമയപരിധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ബോർഡിൻറെ നടപടി. വരവ് ചെലവ് വിവരങ്ങൾക്കൊപ്പം പരിപാടിയുമായി ബന്ധപ്പെട്ട മറ്റ് അനുബന്ധ രേഖകളും ഹാജരാക്കണമെന്ന് കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു.
കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ച വേളയിൽ കണക്കുകൾ സമർപ്പിക്കുന്നതിനായി ദേവസ്വം ബോർഡ് മൂന്നാഴ്ചത്തെ സാവകാശം തേടിയിരുന്നുവെങ്കിലും കോടതി അത് അനുവദിച്ചില്ല. ഇത്രയും ദീർഘമായ സമയം നൽകാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി, ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്ന് കർശന നിലപാട് സ്വീകരിക്കുകയായിരുന്നു. തുടർന്നാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്. സംഗമത്തിൻറെ സാമ്പത്തിക ഇടപാടുകളിലെ സുതാര്യത ഉറപ്പുവരുത്തുന്നതിൻറെ ഭാഗമായാണ് കോടതിയുടെ ഇടപെടൽ.
