തിരുവനന്തപുരം: കഴക്കൂട്ടം അണ്ടൂർകോണത്ത് പുലർച്ച വീട് കത്തിയതിന് പിന്നിൽ ആസൂത്രണമെന്ന് പരാതി. സംഭവത്തിൽ ഒരാളെ മംഗലപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. കഞ്ചാവ് വാങ്ങാൻ പണം നൽകാത്തതിന്റെ വൈരാഗ്യത്തിൽ സഹോദരീ പുത്രനായ ഫൈസൽ വീടിന് തീയിട്ടതെന്നാണ് ദമ്പതികളുടെ പരാതി. കണിയാപുരം അൻസി മൻസിലിൽ അമീന – ഷാജഹാൻ ദമ്പതികൾ വാടകയ്ക്ക് താമസിക്കുന്ന വീടാണ് കത്തിയത്.
തീപ്പിടിത്തം ഉണ്ടായ സമയത്ത് വീട്ടിൽ ആരും ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. ഉഗ്ര ശബ്ദം കേട്ട് നാട്ടുകാർ പുറത്തേക്ക് നോക്കിയപ്പോഴാണ് വീട് കത്തുന്നത് കണ്ടത്.
അമീനയുടെ സഹോദരീ പുത്രനായ ഫൈസൽ ഇന്നലെ രാത്രി 7 മണിയോടെ വീട്ടിലെത്തി പണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ പണം നൽകാതെ വന്നതോടെ വീടിന് മുന്നിൽ നിന്ന് ബഹളം ഉണ്ടാക്കുകയും കത്തികൊണ്ട് കൈഞരമ്പ് മുറിക്കുകയും ചെയ്തിരുന്നു. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഫൈസലിനെ ദമ്പതികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മംഗലപുരം പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
