കണ്ണൂർ: പയ്യന്നൂരിലെ വ്യാജ ആധാർ കാർഡ് പരാതിയിൽ ഇടപെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. പരാതിയിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ അടിയന്തര റിപ്പോർട്ട് തേടി. ജില്ലാ കളക്ടറോടാണ് അടിയന്തരമായി റിപ്പോർട്ട് നൽകാൻ തെരഞ്ഞെടുപ്പ് ഓഫീസർ നിർദേശിച്ചത്. ഇന്ന് രാത്രിയോടെ റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം. റിപ്പോർട്ട് ലഭിച്ചതിന് ശേഷം തുടർനടപടികൾ തീരുമാനിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി. കെപിസിസി നൽകിയ പരാതിയിലാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നടപടി. പയ്യന്നൂർ, കല്യാശേരി മണ്ഡലങ്ങളിൽ വ്യാപകമായി ഇരട്ട വോട്ട് ചേർത്തെന്നും പരാതിയിൽ പറയുന്നുണ്ട്.
പയ്യന്നൂരിൽ വ്യാജ ആധാർ കാർഡുകളുണ്ടാക്കുന്നുണ്ടെന്ന് എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആരോപിച്ചിരുന്നു. വ്യാജ ആധാർ കാർഡ് നിർമ്മാണം നടക്കുന്നത് സിപിഐഎം പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസിന്റെ മൂന്നാം നിലയിലാണ് എന്നാണ് കെ സി വേണുഗോപാൽ പറഞ്ഞത്. പരാജയഭീതിയിൽ സിപിഐഎം പഴയ തന്ത്രങ്ങൾ പുറത്തെടുക്കുന്നുവെന്നും കെ സി വേണുഗോപാൽ പറഞ്ഞു. സിപിഐഎം വിറളി പൂണ്ടിരിക്കുന്നുവെന്നും ടി പി ചന്ദ്രശേഖരന്റെ അനുഭവം ഓർമിപ്പിച്ച് കൊണ്ടാണ് തെരഞ്ഞെടുപ്പിനെ നേരിടാൻ സിപിഐഎം തയ്യാറെടുക്കുന്നതെന്നും കെ സി വേണുഗോപാൽ ആരോപിച്ചു.
‘കമ്മ്യൂണിസ്റ്റുകാർ വോട്ട് ചെയ്യുന്നതുപോലും ഭയപ്പെടുകയാണ് സിപിഐഎം. ലോ ലെവൽ അറ്റാക്കുമായി മുഖ്യമന്ത്രി മുന്നോട്ടുപോകുന്നു. ജി സുധാകരനെ വർഗീയവാദിയായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണ്. മുഖ്യമന്ത്രി ആർക്കുവേണ്ടിയാണ് പ്രസംഗം നടത്തുന്നതെന്ന് എല്ലാവർക്കും അറിയാം. ജി സുധാകരനെ പറയുന്ന മുഖ്യമന്ത്രി സ്വന്തം മുഖം കണ്ണാടിയിൽ നോക്കുന്നത് നന്നായിരിക്കും’ എന്നും കെ സി വേണുഗോപാൽ പറഞ്ഞു.തെരഞ്ഞെടുപ്പിന് ശേഷം പിണറായി വിജയന്റെ സ്ഥാനം മാലിന്യ കൊട്ടയിലാണെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.
