ജീവകാരുണ്യ പ്രവർത്തനങ്ങൾ, ആഢംബര വീട്, സ്വർണം സൂക്ഷിക്കാൻ പ്രത്യേകം അറകൾ; നാട്ടിലെ ‘മാന്യനായ’ കളളൻ പിടിയിൽ

news image
May 3, 2026, 7:39 am GMT+0000 payyolionline.in

കൽപ്പറ്റ: ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ, സന്നദ്ധ സംഘടനകൾക്ക് അകമഴിഞ്ഞ് സഹായം നൽകുന്ന നാട്ടുകാർക്കിടയിൽ നല്ല മതിപ്പുളള ഒരാൾ. വയനാട്ടിലെ ഒരു വീട്ടിൽ നിന്ന് ഒൻപതു പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതിയെ തേടിയെത്തിയ പൊലീസ് കണ്ട കാഴ്ച്ചയാണിത്. കൽപ്പറ്റ ഗ്രാമത്തുവയലിലെ വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച കളളൻ ‘നാട്ടിലെ മാന്യൻ’. കേരളത്തിനകത്തും പുറത്തുമായി 150 ഓളം മോഷണക്കേസുകളിൽ ഉൾപ്പെട്ട കണ്ണൂർ ആലക്കോട് സ്വദേശി കെ യു മുഹമ്മദാണ് കക്ഷി.

കണ്ണൂർ ആലക്കോട് കൊല്ലപറമ്പിൽ വീട്ടിൽ കെ യു മുഹമ്മദും(46) കൂട്ടാളി പുൽപ്പളളി പാടച്ചിറ കട്ടിക്കാനത്ത് വീട്ടിൽ കെ ടി ജോസും(72) ആണ് ഒടുവിൽ പൊലീസിന്റെ പിടിയിലായത്. ഏപ്രിൽ 24-ന് പുലർച്ചെയോടെയാണ് ഇവർ ഗ്രാമത്തുവയലിലെ വീട്ടിൽ നിന്ന് ആഭരണങ്ങൾ കവർന്നത്. ജില്ലാ പൊലീസ് മേധാവി അരുൺ കെ പവിത്രന്റെ നേതൃത്വത്തിലുളള അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. മുഹമ്മദിനെ ആലക്കോട് പൂവഞ്ചാലിൽ നിന്നും ജോസിനെ മാനന്തവാടി ബോയ്‌സ് ടൗണിൽ നിന്നുമാണ് പിന്തുടർന്ന് പിടികൂടിയത്. ഒരാഴ്ച്ചയോളം പ്രതിയുടെ നീക്കങ്ങൾ പൊലീസ് നിരീക്ഷിച്ചിരുന്നു. മുഹമ്മദ് വീട്ടിലുണ്ടെന്ന് ഉറപ്പിച്ച ശേഷം മഴക്കാല പൂർവ പരിശോധനയുടെ ഭാഗമായി നാട്ടിലെ ലൈനുകൾ പരിശോധിക്കാനെന്ന വ്യാജേന മഫ്തിയിലെത്തിയ പൊലീസുകാർ മുഹമ്മദിന്റെ വീട്ടിലേക്ക് കയറുകയായിരുന്നു.

പതിനെട്ടാം വയസിൽ മോഷണം തുടങ്ങിയതാണ് മുഹമ്മദ്. അടച്ചിട്ട വീടുകളെക്കുറിച്ച് ജോസ് മുഹമ്മദിന് വിവരങ്ങൾ കൈമാറും. ഇവിടങ്ങളിൽ ആളില്ലെന്ന് ഉറപ്പാക്കിയ ശേഷം പൂട്ട് പൊളിച്ച് അകത്തുകയറി മോഷണം നടത്തും. കണ്ണൊഴികെ ശരീരഭാഗങ്ങൾ പൂർണമായും മറച്ച് ക്യാമറകളിൽ കുടുങ്ങാതെ ശ്രദ്ധയോടെ മോഷണം നടത്തുന്നതായിരുന്നു മുഹമ്മദിന്റെ രീതി. രണ്ടുകോടിയോളം രൂപ ചെലവഴിച്ച് നിർമ്മിച്ച വീടാണ് മുഹമ്മദിന്റേത്. ഇവിടെ പ്രത്യേകം നിർമ്മിച്ച അറകളിലാണ് മോഷ്ടിച്ച സ്വർണാഭരണങ്ങൾ സൂക്ഷിച്ചിരുന്നത്. നാട്ടിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താനും സന്നദ്ധ സംഘടനകളെ സഹായിക്കാനും മുഹമ്മദ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. നാട്ടുകാർക്കിടയിൽ മതിപ്പുണ്ടാക്കുകയായിരുന്നു ഇതുവഴി പ്രതി ലക്ഷ്യമിട്ടത്. 2017 സെപ്റ്റംബറിൽ കവർച്ചാകേസിൽ മുഹമ്മദ് കോഴിക്കോടുവെച്ച് അറസ്റ്റിലായിരുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe