സംസ്ഥാനത്ത് പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി സതീശൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. യുഡിഎഫിന്റെ 21 അംഗ മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുക്കും.സത്യപ്രതിജ്ഞാ ചടങ്ങിൽ ദേശീയ നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ പങ്കെടുക്കും. കൂടാതെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡി എന്നിവരും ചടങ്ങിന് സാക്ഷ്യം വഹിക്കാൻ തലസ്ഥാനത്തെത്തും.
ദീർഘനേരം നീണ്ടുനിന്ന ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിലാണ് 20 അംഗ മന്ത്രിമാരുടെ പട്ടിക ഇന്നല നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ ഗവർണർക്ക് കൈമാറിയത്. സത്യപ്രതിജ്ഞ ചടങ്ങ് കണക്കിലെടുത്ത് തലസ്ഥാന നഗരിയിൽ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്.
മന്ത്രിമാരുടെ വകുപ്പുവിഭജനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മാറ്റങ്ങൾ ഉണ്ടായേക്കും. ഘടക കക്ഷികളുടെ വകുപ്പുകളിലുൾപ്പെടെ മാറ്റം ഉണ്ടായേക്കുമെന്നാണ് വിവരം. കോൺഗ്രസ് മന്ത്രിമാരുടെ കാര്യത്തിൽ നിലവിൽ ധാരണയായ വകുപ്പുകളിൽ മാറ്റവുണ്ടാകും. വൈദ്യുതി വകുപ്പ് താത്പമില്ലെന്ന് കെ മുരളീധരൻ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ആരോഗ്യവും ദേവസ്വവും വേണമെന്ന് കെ മുരളീധരൻ ആവശ്യപ്പെട്ടതായാണ് വിവരം. ഇത് അനുവദിച്ചിട്ടുണ്ടെന്നാണ് വിവരം.
വി ഡി സതീശൻ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരൻ, ബിന്ദു കൃഷ്ണ, എ പി അനിൽ കുമാർ, പി സി വിഷ്ണുനാഥ്, എം ലിജു, റോജി എം ജോൺ, ടി സിദ്ദിഖ്, ഒ ജെ ജനീഷ്, കെ എ തുളസി, പി കെ കുഞ്ഞാലിക്കുട്ടി, എൻ ഷംസുദ്ദീൻ, പി കെ ബഷീർ, കെ എം ഷാജി, അബ്ദുൾ ഗഫൂർ, ഷിബു ബേബി ജോൺ, സി പി ജോൺ, അനൂപ് ജേക്കബ്, മോൻസ് ജോസഫ് എന്നിവരാണ് മന്ത്രിമാർ. അനൂപ് ജേക്കബും മാണി സി കാപ്പനും ടേം വ്യവസ്ഥയിൽ മന്ത്രിമാരാകും. ആദ്യം അനൂപും പിന്നീടുള്ള രണ്ടര വർഷം മാണി സി കാപ്പനും മന്ത്രിമാരാകും. തിരുവഞ്ചൂർ രാധാകൃഷ്ണനാകും യുഡിഎഫിന്റെ സ്പീക്കർ സ്ഥാനാർഥി. ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനാർഥിയുമാകും.
