പയ്യോളി: ഭിന്നശേഷി സമൂഹത്തെ മുഖ്യധാരയിലെത്തിക്കാൻ സർക്കാർ തലത്തിൽ പ്രത്യേക ഭിന്നശേഷി നയം എത്രയും വേഗം രൂപവൽക്കരിക്കണമെന്ന് പ്രശസ്ത കാൻസർ രോഗ വിദഗ്ധൻ ഡോ. വി.പി. ഗംഗാധരൻ അഭിപ്രായപ്പെട്ടു. ഭിന്നശേഷി സ്ഥാപനങ്ങൾക്ക് സർക്കാരിന്റെയും പൊതുസമൂഹത്തിന്റെയും ശക്തമായ പിന്തുണ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മേപ്പയ്യൂർ പഞ്ചായത്തിലെ വിളയാട്ടൂരിൽ 14.5 ഏക്കർ സ്ഥലത്ത് ഒരുങ്ങുന്ന “സിറാസ് റിഹാബ് വില്ലേജിന്റെ” വിഷൻ ലോഞ്ചിംഗ് പരിപാടി പുറക്കാട് ശാന്തി സദനം കാമ്പസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാന്തി സദനം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിഹാബിലിറ്റേഷൻ ആൻഡ് അഡ്വാൻസ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ, ഭിന്നശേഷി വിദ്യാർഥികളുടെ സമഗ്ര വളർച്ചയും അനാഥരാക്കപ്പെടുന്ന ഭിന്നശേഷി മക്കളുടെ പുനരധിവാസവും ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
ചടങ്ങിൽ ‘ദി ഹിന്ദു’ മുൻ റസിഡന്റ് എഡിറ്റർ സി. ഗൗരീദാസൻ നായർ മുഖ്യപ്രഭാഷണം നടത്തി. ഭിന്നശേഷി കുടുംബങ്ങളും സ്ഥാപനങ്ങളും നേരിടുന്ന പ്രശ്നങ്ങൾ പൊതുസമൂഹത്തിൽ എത്തിക്കാൻ മാധ്യമങ്ങൾ കൂടുതൽ സഹായകരമായ നിലപാട് സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
‘കനിവുത്സവം’ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ശാന്തി സദനം ജീവനക്കാരുടെ അനുമോദന ചടങ്ങ് മേലടി എ.ഇ.ഒ. കെ.വി. പ്രേമചന്ദ്രനും, ഭിന്നശേഷി രക്ഷിതാക്കളെ ആദരിക്കുന്ന ചടങ്ങ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം മിസ്അബ് കീഴരിയൂരും ഉദ്ഘാടനം ചെയ്തു.
പരിപാടിയുടെ ഭാഗമായി ശാന്തി സദനം വിദ്യാർഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.
പി.ടി. ഹനീഫ ഹാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ സുരേഷ് ചങ്ങാടത്ത് സ്വാഗതവും സലാം ഹാജി നന്ദിയും പ്രകാശിപ്പിച്ചു. പ്രമുഖ സാഹിത്യകാരൻ കൽപറ്റ നാരായണൻ, മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിബിത ടി., അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി പി.പി., മേലടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആദിൽ മുണ്ടിയത്ത്, മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് മെമ്പർ നിഷ മേക്കോത്ത് എന്നിവർ സംസാരിച്ചു.
കൂടാതെ മജീഷ്യൻ ശ്രീജിത്ത് വിയ്യൂർ, നൂറുദീൻ മതിലകം, റിയാസ് കൊടുങ്ങല്ലൂർ, ദിനാർ ഹുസൈൻ ഹാജി, ഡോ. സഫ്ന, ഡോ. ഷമീല, മായ എസ്., സി. ഹബീബ് മസൂദ്, ബഷീർ മേലടി, രാജൻ കൊളാവിപ്പാലം, കെ. അബ്ദുറഹ്മാൻ, ഷാമിർ പി.വി., ബഷീർ തിക്കോടി തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.
