കോഴിക്കോട്: കനത്ത മഴയുടെ സാഹചര്യത്തിൽ രണ്ട് ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു. റെഡ് അലേർട്ട് മുന്നറിയിപ്പുള്ള കോഴിക്കോട്, വയനാട് ജില്ലകളിലാണ് അവധി. മദ്രസ, ട്യൂഷൻ എന്നിവയ്ക്ക് അവധി ബാധകമാണ്. മതപഠന ക്ലാസുകൾ, ട്യൂഷൻ സെൻററുകൾ, സ്പെഷ്യൽ ക്ലാസുകൾക്ക് നാളെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ വയനാട് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരവ് ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ദുരന്ത നിവാരണ നിയമം 2005 സെക്ഷൻ 51(ബി) പ്രകാരം കർശന ശിക്ഷാ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
അതേസമയം, കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30- 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കുകിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്ന ലക്ഷദ്വീപ്നും മുകളിലായി ന്യൂനമർദ്ദവും സ്ഥിതിചെയ്യുന്നുണ്ട്. ന്യൂനമർദ്ദവുമായി ബന്ധപ്പെട്ട ചക്രവാതച്ചുഴിയിൽ നിന്ന് കേരളത്തിലൂടെ വടക്കൻ തമിഴ്നാട് തീരം വരെ ന്യൂനമർദ്ദ പാത്തി ട്രഫ് സ്ഥിതിചെയ്യുന്നുണ്ടെന്നും കാലാവസ്താ വകുപ്പ് മുന്നറിയിപ്പ് നൽകി. ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
കേരളത്തിൽ 25,26 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ടാണ്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് നാളെ റെഡ് അലർട്ട്. 28ന് ഇടുക്കി, പാലക്കാട് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
