‘പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര’: ടിക്കറ്റ് മാതൃക പുറത്ത്; ബസുകളിൽ ഒരുക്കങ്ങൾ വേഗത്തിൽ

news image
Jun 14, 2026, 3:55 am GMT+0000 payyolionline.in

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ബസുകളിൽ സ്ത്രീകൾക്കായി നടപ്പിലാക്കുന്ന സൗജന്യ യാത്രാ പദ്ധതിയുടെ ഭാഗമായുള്ള ടിക്കറ്റ് മാതൃക പുറത്തിറക്കി. ‘പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര’ എന്ന് ബസുകളിൽ സ്റ്റെൻസിൽ ചെയ്ത് എഴുതുന്ന പ്രവൃത്തികളും ബസുകളുടെ പിൻഭാഗത്ത് ഉദ്ഘാടന പോസ്റ്ററുകൾ പതിപ്പിക്കുന്ന ജോലികളും ഇതിനകം ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച മുതൽ ബസുകളിൽ പ്രത്യേക സ്റ്റിക്കറുകൾ പതിപ്പിച്ചു തുടങ്ങും.

​തിങ്കളാഴ്ച നടക്കുന്ന സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. തമ്പാനൂർ മുതൽ സെക്രട്ടേറിയറ്റ് വരെ മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടുന്ന വി.വി.ഐ.പി സംഘം ബസിൽ യാത്ര ചെയ്യും. പെരുമ്പാവൂർ ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി.യുടെ ആദ്യ വനിതാ ഡ്രൈവർ ഷീലയാണ് ഉദ്ഘാടന ദിവസം ബസ് ഓടിക്കുന്നത്; കണ്ടക്ടറും വനിതയായിരിക്കും. ആദ്യഘട്ടത്തിൽ 3,125 ഓർഡിനറി ബസുകളിലാണ് ഈ ആനുകൂല്യം ലഭിക്കുക. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി സർക്കാർ ഗ്യാരന്റിയിൽ ബാങ്ക് ഓവർഡ്രാഫ്റ്റ് വഴി കെ.എസ്.ആർ.ടി.സി.ക്ക് മാസാദ്യം പണം ലഭ്യമാക്കാനുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണ്.

​കഴിഞ്ഞ ദിവസം ഓർഡിനറി വിഭാഗത്തിലെ ഏഴ് സബ് ക്ലാസുകളുടെ പട്ടിക കെ.എസ്.ആർ.ടി.സി. പുറത്തുവിട്ടിരുന്നു. ജൂൺ 15 മുതൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും ഈ ബസുകളിൽ പൂർണമായും സൗജന്യമായി യാത്ര ചെയ്യാമെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe