കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ: പോലീസിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

news image
Nov 7, 2026, 6:55 am GMT+0000 payyolionline.in

കൊച്ചി: കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിനും വർധിച്ചുവരുന്ന റോഡപകടങ്ങൾക്കുമെതിരെ പോലീസിനും കോർപ്പറേഷനുമെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. കാക്കനാട് സ്വകാര്യ ബസിടിച്ച് ഇൻഫോപാർക്ക് ജീവനക്കാരിയായ അക്ഷര മരിച്ച സംഭവം സിസ്റ്റത്തിന്റെ പരാജയമാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിരീക്ഷിച്ചു. ‘ഡ്രൈവർമാർ റോഡുകളുടെ ഉടയോന്മാരല്ല, കാലന്മാരാണ്’ എന്ന് കുറ്റപ്പെടുത്തിയ കോടതി, ക്രിമിനൽ പശ്ചാത്തലമുള്ള ജീവനക്കാരെ നിയോഗിക്കുന്ന ബസ് ഉടമകൾക്കെതിരെ ശക്തമായ നടപടി വേണമെന്ന് നിർദേശിച്ചു. അപകടത്തിൽ മരിച്ച അക്ഷരയുടെ കുടുംബത്തോട് കോടതി മാപ്പ് പറയുകയും ചെയ്തു.

​അപകടത്തിന്റെ ദൃശ്യങ്ങൾ കണ്ടുനിൽക്കാനാവാത്തതാണെന്നും യാത്രക്കാർക്ക് സുരക്ഷിതമായി വീടണയാൻ കഴിയുമെന്നതിന് എന്താണ് ഉറപ്പുള്ളതെന്നും കോടതി ചോദിച്ചു. അപകടമുണ്ടാക്കിയാൽ പിന്നീട് വാഹനം ഓടിക്കാനാകില്ലെന്ന ഭയം ഡ്രൈവർമാർക്കുണ്ടാകണം. നടപ്പാതകൾ സ്ഥാപിക്കുന്നതിൽ വീഴ്ചവരുത്തിയ കൊച്ചി കോർപ്പറേഷന് അന്ത്യശാസനം നൽകിയ കോടതി, ഫുട്പാത്തുകൾ സ്ഥാപിച്ചില്ലെങ്കിൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും കോർപ്പറേഷൻ സെക്രട്ടറിയെ വിളിച്ചുവരുത്തുമെന്നും മുന്നറിയിപ്പ് നൽകി. പല ഡ്രൈവർമാരും ഫോണിൽ സംസാരിച്ചാണ് വാഹനമോടിക്കുന്നതെന്നും നിരത്തുകളിലെ ക്യാമറകൾക്കൊന്നും ഇത് കാണാൻ കഴിയുന്നില്ലേ എന്നും കോടതി ചോദിച്ചു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe